തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അവകാശലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സ്പീക്കറോട് വ്യക്തമാക്കിയതായി ധനമന്ത്രി പറഞ്ഞു. 

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മന്ത്രിമാര്‍ക്കെതിരായ അവകാശലംഘന നോട്ടീസില്‍ അവരോട് വിശദീകരണം ചോദിക്കുകയാണ് സ്വാഭാവികമായ നടപടിക്രമം. അതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ ധനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ധനമന്ത്രി നേരിട്ടെത്തി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയത്.

തന്റെ വാദങ്ങളില്‍ ധനമന്ത്രി ഉറച്ചുനില്‍ക്കുകയാണ്. കരട് റിപ്പോര്‍ട്ട് ആണെന്നാണ് കരുതിയത്. അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തില്‍ തന്നോട് അഭിപ്രായം ചോദിക്കുമെന്ന് കരുതി. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. സ്പീക്കര്‍ നിര്‍ദേശിക്കുന്ന ഏത് ശിക്ഷയും നടപടിക്രമവും അംഗീകരിക്കാം. പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ മുമ്പിലാണ് നോട്ടീസ് വിടുന്നതെങ്കില്‍ അവിടെ വിശദീകരണം നല്‍കാനും തയ്യാറാണെന്നും തോമസ് ഐസക് അറിയിച്ചു. 

Content Highlights: Ready to present before ethics committee says Thomas Isaac