പി.ടി.7, ഗണേഷ്‌കുമാർ | Photo: Mathrubhumi
കൊല്ലം: പരിക്കേറ്റ കാട്ടാന പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. പെല്ലറ്റുകൊണ്ടോ നാടന്‍ ബോംബിലെ ചീളുകള്‍കൊണ്ടോ ആവാം പി.ടി. സെവന് പരിക്കേറ്റത്. കടുത്ത വേദനമൂലമായിരിക്കാം കാട്ടാന ആക്രമണസ്വഭാവം കാണിച്ചത്. പി.ടി. സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയെന്നും അദ്ദേഹം പറഞ്ഞു.
'മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം സമീപിക്കാന്‍. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. ആരോ നാടന്‍ തോക്ക് ഉപയോഗിച്ച് കാട്ടാനയെ വെടിവെച്ചിരിക്കുകയാണ്. ഇത്തരം പെല്ലറ്റുകള്‍ ശരീരത്തില്‍ ഇരിക്കുന്നതിന്റെ വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചത്'- അദ്ദേഹം വ്യക്തമാക്കി.
സര്‍വലക്ഷണവും ഒത്ത ആനയായിരിക്കും പി.ടി. സെവന്‍. അത് വഴങ്ങും. തന്റെ അറിവ് വെച്ച് അതിന് 18- 20 വയസുണ്ടാവും. ഏറ്റവും വിദഗ്ധരായ ഡോക്ടറുടെ അടുത്ത് പരിശോധിച്ച് ചികിത്സ ലഭ്യമാക്കണം. തന്നെക്കൊണ്ട് സാധിക്കുന്ന എന്ത് സഹായവും ചെയ്യും. ഡോക്ടര്‍മാരെ കൊണ്ടുവരാനും ഉപദേശം കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ധോണിയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാനയുടെ ശരീരത്തില്‍ 15ഓളം പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് നടത്തിയ ശരീരപരിശോധനയിലാണ് പെല്ലറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്.
Content Highlights: ready to give treatment to injures wild elephant pt 7 also called dhoni says kb ganesh kumar mla
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..