എം.ആർ. രാഘവവാര്യർ | ഫോട്ടോ: കെ.കെ. സന്തോഷ്
കൊച്ചി: മോണ്‍സന്റെ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വായിച്ച ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ചെമ്പോലയില്‍ എന്താണ് എഴുതിയിരുന്നതെന്ന് ഓര്‍ക്കുന്നില്ലെന്ന് രാഘവവാര്യര്‍ മൊഴി നല്‍കി. മോണ്‍സന്റെ വീട്ടിലെത്തിയാണ് ചെമ്പോല വായിച്ചതെന്നും രാഘവവാര്യര്‍ പറഞ്ഞു.
താന്‍ ആ ചെമ്പോല വായിച്ചിരുന്നെന്നും എന്നാല്‍ അതിന്റെ ഉള്ളകടക്കം എന്തായിരുന്നു എന്ന കാര്യം ഇപ്പോള്‍ ഓര്‍മയില്ലെന്നുമാണ് രാഘവവാര്യര്‍ മൊഴി നല്‍കിയിരിക്കുന്നത്. കോഴിക്കോട് കൊയിലാണ്ടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് രാഘവവാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ചരിത്ര താല്‍പര്യം ഉള്ളതുകൊണ്ടാണ് ഈ ചെമ്പോല വായിക്കാന്‍ താന്‍ പോയതെന്നാണ് രാഘവവാര്യര്‍ വ്യക്തമാക്കിയത്.
ശബരിമല ആചാരവുമായി ബന്ധപ്പെട്ട ചെമ്പോല എന്ന നിലയില്‍ പ്രചരിപ്പിച്ചത് വ്യാജമായിരുന്നു എന്ന് പ്രാഥമികമായ കണ്ടെത്തലിന്റെ സാഹചര്യത്തിലാണ് ഇത് വായിച്ച ചരിത്രകാരനായ ഡോ. എം.ആര്‍. രാഘവ വാര്യരുടെ മൊഴിയെടുത്തത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വിവാദമായ സമയത്താണ് ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട ചെമ്പോല കൈവശമുണ്ടെന്ന് മോണ്‍സന്‍ അവകാശപ്പെട്ടത്.
ചെമ്പോല വ്യാജമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയാല്‍ കേസെടുക്കാന്‍ തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് തൃശ്ശൂരിലെ ആര്‍ക്കിയോളജി ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Read Monson's Copper plate manuscript and can't remember what was written- M.R. Raghava Warrier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..