
റിയ ഇഷ, വിജയരാജ മല്ലിക | Photo:facebook.com/Riya-Isha, facebook.com/vijayarajamallikaa
കോഴിക്കോട്: ട്രാന്സ്ജെന്ഡേഴ്സിനെ കേരള പോലീസിന്റെ ഭാഗമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ആ സമൂഹത്തിന്റെ മുഖമുദ്രയെ മാറ്റിമറിക്കുന്നതെന്ന് കവിയും എഴുത്തുകാരിയുമായ വിജയരാജ മല്ലിക. സമൂഹത്തിന് ഈ തീരുമാനം നല്കുന്ന സന്ദേശം വളരെ വലുതാണ്.
ഈ ലോകത്ത് ഏതൊരു കാര്യത്തിനും കഴിവുള്ളവരാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം എന്ന സന്ദേശമാണ് നല്‍കുന്നത്. ഈ ഭൂമിയിലെ എല്ലാ അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വിധേയരാണ്. അവരുടെ കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അവര്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
വിജയരാജ മല്ലിക
വളരെ സന്തോഷമുള്ള തീരുമാനമാണ്. പാര്ശ്വവത്കരിക്കപ്പെട്ടുവെന്ന് സമൂഹം മുദ്രകുത്തിയ ഒരു സമൂഹത്തില്‍ നിന്ന് കേരള പോലീസിലേക്ക് പ്രതിനിധികളുണ്ടാവുകയെന്നത് ആ ഒരു വിഭാഗത്തിന്റേയും പൊതുസമൂഹത്തിന്റേയും ശാക്തീകരണത്തിന് ഉപയോഗപ്പെടും. ട്രാന്‍സ്ജെന്‍ഡേഴ്സ് എന്ന സമൂഹത്തിന്റെ തന്നെ മുഖമുദ്ര മാറ്റി എഴുതാനും അതിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സാമൂഹിക സാമ്പത്തിക ബൗദ്ധിക, സൈന്താന്തികതലങ്ങളില് വളരെയേറെ ഗുണം ചെയ്യുകയും മുന്നേറ്റത്തിന് സഹായകമാകും എന്നാണ് കരുതുന്നത്.
ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹം എന്നതിലുപരി പോലീസ് സേനയിലുടനീളം നല്കികൊണ്ടിരിക്കുന്ന പരിശീലനത്തില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നീ വിഷയത്തില്‍ നല്കുന്ന ട്രെയിനിങ്ങില്‍ വലിയ ആശങ്കകളുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹം പോലീസിലേക്ക് വരുമ്പോള്‍ അവരുടെ സമൂഹത്തില്‍ നിന്ന് വിജയിച്ചവരുടെ കഥകളുള്‍പ്പെടെ അവതരിപ്പിച്ച് മോട്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സിലബസ് ആയിരിക്കണം.
പോലീസ് എത്രമാത്രം നന്നായി പ്രവര്‍ത്തിച്ചാലും അവരുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ വലിയ രീതിയില്‍ അടയാളപ്പെടുത്തുന്ന ഒരു കാലമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് നല്കുന്ന പരിശീലനത്തിലെ സിലബസില്‍ ഒരുപാട് പരിഷ്കരണങ്ങള്‍ അത്യാവശ്യമാണ്. ട്രാന്‍സ്ജെന്‍ഡേഴ്സ് കൂടി കടന്ന് വരുമ്പോള്‍ സിലബസില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്ന രീതിയില്‍ പൊതുസമൂഹത്തിന് മുന്നില്‍ സ്വയം അവതരിപ്പിക്കുന്നത് തന്നെ വലിയ ആശങ്കയോടെയാണ്.
എല്ലാ വിഭാഗത്തിലും കള്ളനാണയങ്ങളുണ്ട്. അത് ആണിലും പെണ്ണിലും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലും. എന്നാല്‍ എല്ലാവരും കള്ളനാണയങ്ങളല്ല. ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് കേസുകളില്‍പ്പെട്ട ആളുകളുണ്ട്. അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ കര്‍ശനമായ നിരീക്ഷണമുണ്ടാകുമെന്ന് കരുതുന്നു. ഏതൊക്കെ മേഖലയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയിലും കഴിവ് തെളിയിക്കാന്‍ കഴിയുന്ന വലിയ സമൂഹമാണ്.
ഒരാള്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുന്ന പ്രവണതയുണ്ട്. അതാണ് പലപ്പോഴും അവരെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഒരു കുടുംബം എന്ന സംവിധാനത്തില്‍ മകനോ മകളോ അല്ലെങ്കില്‍ പോലും അവരെ ഉള്‍ക്കൊണ്ട് അവരുടേതായ സ്ഥാനം നല്കി വളര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്. അതിന് കുടുംബങ്ങള്‍ ആണോ മുന്‍കൈ എടുക്കേണ്ടത് അതോ സമൂഹമാണോ എന്ന ചോദ്യമുണ്ട്. അങ്ങനെ ഒരു സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം വലിയ ഇടപെടലുകളെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ഈ ഒരു വിഷയത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഏതൊരു സമൂഹത്തിനും അവരുടെ കഴിവിന് അനുസരിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്ന് പറയുന്നത് മുതല്‍ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുന്ന സാഹചര്യമുണ്ട്. അത്പോലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് ഉതകുന്ന തരത്തിലായിരിക്കണം ബോധവത്കരണം നടക്കേണ്ടത്. ട്രെയ്നിങ്ങും മോട്ടിവേഷനും അതുകൂടി മുന്നില്‍ക്കണ്ട് വേണം നടത്താന്‍.
സമൂഹത്തിന് ഈ തീരുമാനം നല്കുന്ന സന്ദേശം വളരെ വലുതാണ്. ഈ ലോകത്ത് ഏതൊരു കാര്യത്തിനും കഴിവുള്ളവരാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം എന്ന സന്ദേശമാണ് നല്‍കുന്നത്. ഈ ഭൂമിയിലെ എല്ലാ അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വിധേയരാണ്. അവരുടെ കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
റിയ ഇഷ
ഓരോ മേഖലകളിലും ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിന്റെ സാന്നിധ്യം വേണം എന്നാണ് അഭിപ്രായം. എങ്കില്‍ മാത്രമേ സമൂഹത്തിന് അവരെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ലൈംഗിക തൊഴിലാളികളായി മാത്രം അവരെ കാണുന്ന സമീപനമാണ്. പലരും നിവൃത്തിക്കേട് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍ എത്തിപ്പെടുന്നത്. പൊതുസമൂഹത്തോട് അവരെ അംഗീകരിക്കണമെന്ന് മൈക്ക് കെട്ടി പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം നീക്കങ്ങളിലൂടെ മാത്രമെ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ.
പോലീസ് സേനയിലേക്ക് വരുമ്പോള്‍ സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയും. ഏതൊരു മേഖലയിലായാലും ശരി അവരുടെ കഴിവ് പരിഗണിച്ച് വേണം അംഗീകാരം നല്‍കേണ്ടത്. ഇതില്‍ ആശങ്കകളൊന്നും ആവശ്യമില്ല. ഏതൊരു വ്യക്തിയും കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ അതില്‍ നന്നായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. ഏതൊരു മേഖലിയിലായാലും ശരി ഒരു വ്യക്തിയുടെ ലിംഗമേതെന്നതിനെ ആശ്രയിച്ചാകരുത് അവരെ വിലയിരുത്തേണ്ടത്. പ്രവൃത്തികളെ വിലയിരുത്തി വേണം അംഗീകരിക്കേണ്ടത്.
Content Highlights: Reactions on Kerala governments plan to include transgenders in kerala police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..