കമ്പിക്ക് പകരം തടി കഷണം ഉപയോഗിച്ച് വാർത്ത കോൺക്രീറ്റ്
പത്തനംതിട്ട: റാന്നിയില്‍ റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. പാര്‍ശ്വഭിത്തി നിര്‍മാണത്തിനായി എത്തിച്ച കോണ്‍ക്രീറ്റ് ബ്ലോക്കുകളില്‍ കമ്പിക്ക് പകരം മരത്തിന്റെ കഷണങ്ങള്‍ വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു.
പുനലൂര്‍-മൂവാറ്റുപ്പുഴ പ്രധാന പാതയോട് ചേര്‍ന്നുള്ള ഒരു ബണ്ട് റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിലാണ് വിചിത്രമായ കോണ്‍ക്രീറ്റ് കുറ്റികള്‍ എത്തിച്ചിരിക്കുന്നത്. കല്ലുകള്‍ നിരത്തി കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വെച്ച് പാര്‍ശ്വഭിത്തി ബലപ്പെടുത്തുന്നതാണ് കരാര്‍ പ്രകാരമുള്ള നിർമാണം. കരിങ്കല്‍ കെട്ടുകള്‍ക്കിടയില്‍ വെക്കുന്നതിനായാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എത്തിച്ചത്.
സാധാരണ കോണ്‍ക്രീറ്റ് കമ്പി ഉപയോഗിച്ചാണ് ഇവ വാര്‍ക്കുന്നതെങ്കില്‍ ഇവിടെ തടിക്കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു. കാസര്‍കോട് സ്വദേശിയായ റഷീദ് എന്നയാളാണ് ഇതിന്റെ കരാറുകാരന്.
റീ ബില്‍ഡ് കേരള പദ്ധതിപ്രകാരമുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ റോഡിന്റെ നിര്‍മാണത്തിന് ഒന്നര കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
Content Highlights: Re build Kerala project- Allegations of massive corruption in road construction
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..