നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി ജീവിച്ച റസാഖ്, യാത്രയായത് ആഗ്രഹങ്ങള്‍ പലതും നിറവേറ്റാനാകാതെ


4 min read
Read later
Print
Share

റസാഖ് പയമ്പ്രോട്ടിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന ഭാര്യ ഷീജ, റസാഖ് പയമ്പ്രോട്ട്‌

കൊണ്ടോട്ടി: ഇടതു സാംസ്കാരിക പ്രവർത്തകനും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിനെ (57) പിറന്നാൾദിനത്തിൽ പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വീടിനു സമീപത്തെ പ്ലാസ്റ്റിക് മാലിന്യസംസ്കരണകേന്ദ്രത്തിനെതിരേ പഞ്ചായത്ത് നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ് മരണത്തിനു കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും സമീപത്തെ കുടുംബശ്രീ സ്റ്റാളിനുമിടയിലെ ഇടുങ്ങിയ ഭാഗത്ത് വെള്ളിയാഴ്ച രാവിലെയാണ് റസാഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് സംസ്‌കരണകേന്ദ്രത്തിനെതിരേ നൽകിയ പരാതികളും രേഖകളുമെല്ലാമടങ്ങിയ ബാഗ് കഴുത്തിൽ തൂക്കിയിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിൽനിന്ന് പോലീസ് കണ്ടെടുത്തു.

പ്ലാസ്റ്റിക് മാലിന്യസംസ്‌കരണകേന്ദ്രത്തിനെതിരായ ഒറ്റയാൾസമരത്തിലായിരുന്നു റസാഖ്. സഹോദരൻ പയമ്പ്രോട്ട് മുഹമ്മദ് ബഷീർ ശ്വാസകോശരോഗം (ഐ.എൽ.ഡി.-ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ്) ബാധിച്ച് കഴിഞ്ഞ മാർച്ചിൽ മരിച്ചു. മാലിന്യപ്ലാന്റിലെ പുകയും പൊടിയും ശ്വസിച്ചുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിനു കാരണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നുമാവശ്യപ്പെട്ട് റസാഖ് പുളിക്കൽ പഞ്ചായത്തിലും മലിനീകരണ നിയന്ത്രണബോർഡിലും മറ്റും പരാതി നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാടുണ്ടായില്ല. സ്ഥാപനത്തിനെതിരേ നടപടിയെടുക്കാനാവില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്.

സി.പി.എം. സഹയാത്രികനായ റസാഖും ഭാര്യയും മരണശേഷം വീടും സ്ഥലവും ഇ.എം.എസ്. സ്മാരകം പണിയാനായി പാർട്ടിക്ക് നൽകാൻ 2005-ൽ സമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി അത് ഏറ്റെടുത്തിരുന്നില്ല. പിന്നീട് റസാഖ് തീരുമാനം മാറ്റുകയും പുതിയൊരു ട്രസ്റ്റ് രൂപവത്കരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ജൂൺ 13-ന് ട്രസ്റ്റിന് തുടക്കമിടാനിരിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം കോഴിക്കോട് ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിനുവെച്ചശേഷം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കരിച്ചു.

2016 മുതൽ 2022 വരെ മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന റസാഖിന്റെ ജന്മദിനമായിരുന്നു വെള്ളിയാഴ്ച. 2007 മുതൽ 2011 വരെ വൈദ്യർ സ്മാരകത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വർത്തമാനം, ദീപിക എന്നീ പത്രങ്ങളിലും കോക്കേഴ്‌സ് ഫിലിംസിൽ പ്രൊഡക്‌ഷൻ കൺട്രോളറായും പ്രവർത്തിച്ചു. കൊണ്ടോട്ടി ടൈംസ് സായാഹ്നപത്രം, വര പബ്ലിക്കേഷൻ, ലോക്കൽ കേബിൾ ടി.വി. ചാനൽ എന്നിവയും നടത്തിയിരുന്നു.

പുളിക്കൽ പാണ്ടിയാട്ടുപുറത്ത് റിട്ട. അധ്യാപകൻ പയമ്പ്രോട്ട് മുഹമ്മദലിയുടെയും കറുത്തേടത്ത് ഉമ്മീരികുട്ടിയുടെയും മകനാണ്. അരിമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക ഷീജയാണ് ഭാര്യ. സഹോദരങ്ങൾ: അബ്ദുൽ വഹാബ്, ജമീല, സുഹ്‌റ, തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യ ഖമറുന്നീസ, ഹസീന, പരേതരായ മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ബഷീർ.

റസാഖ് യാത്രയായത് അസാധാരണ ആഗ്രഹങ്ങൾ നിറവേറ്റാനാവാതെ

ജീവിതാവസാനത്തിൽ സമൂഹത്തിനു മാതൃകയാകുംവിധം അസാധാരണ വീക്ഷണങ്ങളും സ്വപ്‌നങ്ങളുമായി ജീവിച്ച റസാഖ് പയമ്പ്രോട്ട് ജീവിതം അവസാനിപ്പിച്ചത് പൂർത്തിയാക്കാനാവാത്ത ആഗ്രഹങ്ങളുമായി. തങ്ങളുടെ കാലശേഷം വീടും സ്വത്തുക്കളും സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക് വിട്ടുനൽകുന്നതിനുള്ള സമ്മതം 2005-ലേ അറിയിച്ചിരുന്നു. അമൂല്യഗ്രന്ഥങ്ങളടങ്ങിയ വീട്ടിലെ ഗ്രന്ഥശാല തന്റെ കാലശേഷവും സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. വൈദ്യർ അക്കാദമി സെക്രട്ടറിയായി തുടരുമ്പോഴും ഇതേ ആഗ്രഹം തന്നെയാണ് പ്രകടിപ്പിച്ചിരുന്നത്.

പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരേ നടത്തിയ പോരാട്ടങ്ങൾക്ക് ഗ്രാമപ്പഞ്ചായത്തിന്റെയും പാർട്ടിയുടെയും പിന്തുണ ലഭിച്ചില്ലെന്ന തോന്നലുണ്ടായതോടെ മുൻതീരുമാനത്തിൽ മാറ്റം വരുത്തി. പിന്നീട് അടുത്ത ജൂൺ 13-ന് പാണ്ടിയാട്ടുപുറത്ത് ഇ.എം.എസ്. ഭവൻ എജുക്കേഷൻ ട്രസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചു. ഉദ്ഘാടനച്ചടങ്ങും പ്രസംഗവുമില്ലാത്ത പരിപാടിയിൽ പ്രത്യേക ക്ഷണമില്ലാതെ ആർക്കും വരാമെന്ന് സമൂഹമാധ്യത്തിൽ കുറിക്കുകയുംചെയ്തു. വരുന്നവർ സ്വന്തം പേരെഴുതിയ ഒരു പുസ്തകം ഇ.എം.എസ്. ഭവനിൽ സ്ഥാപിച്ച കാണിക്കവഞ്ചിയിൽ നിക്ഷേപിക്കാൻ അഭ്യർഥിക്കുകയുംചെയ്തു. ഹയർസെക്കൻഡറി യോഗ്യതയുള്ള 50 പെൺകുട്ടികൾക്കായി ഈ വർഷം പ്ലസ് വൺ സയൻസ് ട്യൂഷൻ, മെഡിക്കൽ -എൻജിനീയറിങ് ഇന്റഗ്രേറ്റഡ് എം.എസ്. എൻട്രൻസ് കോഴ്‌സ്, സൗജന്യ യു.പി.എസ്.സി./ പി.എസ്.സി. പരിശീലനം, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പദ്ധതികളുമായി സഹകരിച്ച് പൊളിറ്റിക്കൽ ഐഡിയോളജി, സോഷ്യോളജി, സൈക്കോളജി, കൗൺസിലിങ്, പ്രസംഗകല, ചിത്രകല തുടങ്ങിയവയിൽ സർട്ടിഫിക്കറ്റ്/ഡിപ്പോമ കോഴ്‌സുകൾ, പുസ്തകപ്രസിദ്ധീകരണം, ലളിതകല വിഭാഗത്തിൽ കലാ ആവിഷ്‌കാരങ്ങൾക്കായി ആർട്ട് ഗാലറി സൗകര്യം തുടങ്ങിയവ വിഭാവനംചെയ്തിരുന്നു.

വർഷത്തിൽ 50 പുസ്തകങ്ങൾക്ക് സാഹിത്യപുരസ്‌കാരം, മികച്ച ഗ്രാമീണ ലൈബ്രറികൾക്ക് പയമ്പ്രോട്ട് മുഹമ്മദലി മാസ്റ്റർ പുരസ്‌കാരം, നിർധനർക്ക് സഹായങ്ങൾ, സ്ത്രീധനരഹിത വിവാഹങ്ങൾക്ക് ആവശ്യപ്പെട്ടാൽ വിരുന്നു സത്‌കാരത്തിനുള്ള ചെലവ് തുടങ്ങിയവയെല്ലാം വിഭാവനംചെയ്തിരുന്നു. മരണശേഷം തങ്ങളുടെ ഭൗതികദേഹം കോഴിക്കോട് മെഡിക്കൽകോളേജ് അനാട്ടമി വിഭാഗത്തിന് പഠനത്തിനു നൽകാനും 2017-ൽ സമതപത്രം നൽകിയിരുന്നു.

പോസ്റ്റുമോർട്ടം ഒഴിവാക്കി മൃതദേഹം അനാട്ടമി വിഭാഗത്തിന് കൈമാറണമെന്ന് ആത്മഹത്യാക്കുറിപ്പിൽ അഭ്യർഥിച്ചെങ്കിലും നടപ്പായില്ല. പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കരിക്കുകയാണ് ചെയ്തത്.

റസാഖ് പയമ്പ്രോട്ട് വൈദ്യർ അക്കാദമിയുടെ ആദ്യകാല അമരക്കാരൻ

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിലെ വളർച്ചയിലേക്ക് നയിച്ച വ്യക്തിയാണ് റസാഖ് പയമ്പ്രോട്ട്. 2016 മുതൽ 2022 വരെയാണ് റസാഖ് അക്കാദമി സെക്രട്ടറിയായത്. 2007 മുതൽ 11 വരെ മോയിൻകുട്ടിവൈദ്യർ സ്മാരകത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2013-ലാണ് വൈദ്യർ സ്മാരകം മാപ്പിളകലാ അക്കാദമിയായത്.

പുതുമയുള്ള ഒട്ടേറെ പദ്ധതികൾ റസാഖ് പയമ്പ്രോട്ടിന്റെ നേതൃത്വത്തിൽ അക്കാദമിയിൽ നടന്നു. നവീന ആശയങ്ങൾ രൂപവത്കരിച്ച് നടപ്പാക്കുന്നതിൽ പ്രത്യേകതാത്പര്യം അദ്ദേഹം കാണിച്ചിരുന്നു.

തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ മാതൃകയിൽ അക്കാദമിയിൽ നടപ്പാക്കിയതാണ് മാനവീയം വേദി. ഫീസോ വാടകയോ ഈടാക്കാതെ പ്രാദേശിക കലാകാരന്മാർക്കും കൂട്ടായ്മകൾക്കും അക്കാദമിയിലെ സ്റ്റേജും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കലാപരിപാടികൾ അവതരിപ്പിക്കാൻ സൗകര്യമൊരുക്കുന്നതാണിത്.

ആഴ്ചയിലൊരിക്കലുള്ള മാനവീയം വേദി കോവിഡിനുമുൻപ്‌ വളരെ സജീവമായിരുന്നു. ഒട്ടേറെ പ്രാദേശിക കലാസംഘങ്ങൾ മാനവീയം വേദിയിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു.

സാംസ്കാരിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ, അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റാസഖിന്റെ പേരിൽ അക്കാദമിയിൽ ഓഡിയോ വിഷ്വൽ തിയേറ്റർ സ്ഥാപിച്ചതും അക്കാദമിക്ക് നേട്ടമായി. 50 സീറ്റുകളുള്ള തിയേറ്ററിൽ കോവിഡിന് മുൻപ്‌ ആഴ്ചയിലൊരിക്കൽ പഴയതും കലാമൂല്യമുള്ളതുമായ സിനിമകൾ പ്രദർശിച്ചിരുന്നു. കൊണ്ടോട്ടിയുടെ സാംസ്കാരികത്തനിമയും മോയിൻകുട്ടി വൈദ്യരുടെ ജീവിതവും സാഹിത്യ സംഭാവനകളുമെല്ലാം ഉൾപ്പെടുത്തി ഡോക്യുമെന്ററി നിർമിക്കുകയുംചെയ്തു.

അക്കാദമിയിൽ അടുക്കുംചിട്ടയുമില്ലാതിരുന്ന ലൈബ്രറി നവീകരിക്കുകയും കംപ്യൂട്ടർവത്കരണം നടപ്പാക്കുകയുംചെയ്തു. അക്കാദമിയിൽ പൊതുജനങ്ങൾക്കായി ആറുമാസത്തെ അറബിമലയാളം കോഴ്‌സ് തുടങ്ങി. മാപ്പിളപ്പാട്ടുകളുടെ ശേഖരമായ മ്യൂസിക്കൽ ആർക്കേവ്‌സ്, മറവിയിലാണ്ടുപോകുന്ന മാപ്പിളപ്പാട്ടുകൾ തനതുരീതിയിൽ റെക്കോഡ് ചെയ്തു സംരക്ഷിക്കുന്നതിന് റെക്കോഡിങ് സ്റ്റുഡിയോ, 1921 പുരാരേഖ ഗാലറി നവീകരണം, ലോകസഞ്ചാരിയായിരുന്ന മൊയ്തു കിഴിശ്ശേരിയുടെ പുരാവസ്തുക്കൾ ഏറ്റെടുത്തും മറ്റിടങ്ങളിൽനിന്ന് ശേഖരിച്ചും തയ്യാറാക്കിയ മ്യൂസിയം തുടങ്ങിയ ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കി.

പ്രളയകാലത്ത് സർക്കാരിനുവേണ്ടി ധനസമാഹരണത്തിന് പാട്ടുവണ്ടിയിറക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയിരുന്നു. അഞ്ചു ലക്ഷത്തിലേറെരൂപ ഇത്തരത്തിൽ സമാഹരിച്ചിരുന്നു. പ്രാദേശിക കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. അക്കാദമി ഇശൽവാണി എന്ന പേരിൽ റേഡിയോ തുടങ്ങിയതും റസാഖ് പയമ്പ്രോട്ടിന്റെ കാലത്താണ്.

ആത്മഹത്യാക്കുറിപ്പിൽ പോലീസിനെതിരേ രൂക്ഷവിമർശനം

പുളിക്കൽ പഞ്ചായത്തോഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിന്റെആത്മഹത്യാക്കുറിപ്പിൽ പോലീസിനെതിരേ രൂക്ഷ വിമർശനം.

കഴുത്തിൽ തൂക്കിയിട്ട ബാഗിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ വിവാദ പ്ലാസ്റ്റിക് മാലിന്യ സംസ്കരണകേന്ദ്രമുടമകളെ കരിപ്പൂർ പോലീസ് അന്യായമായി സഹായിക്കുന്നതായാണ് ആക്ഷേപം. സ്ഥാപനത്തിനെതിരേ പ്രതികരിക്കുന്ന പ്രദേശവാസികളെ കരിപ്പൂർ ഇൻസ്പെക്ടറെ ഉപയോഗിച്ചാണ് കമ്പനി ഉടമകൾ വിരട്ടുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നാട്ടുകാർ പരാതിപ്പെട്ടാലും കമ്പനി മുതലാളിമാരുടെ കൂടെമാത്രമേ പോലീസ് സ്ഥലത്തെത്തുകയുള്ളൂ.

കരിപ്പൂർ എസ്.എച്ച്.ഒ.യുടെയും പോലീസ് സംഘത്തിന്റെയും സാന്നിധ്യത്തിലല്ലാതെ കമ്പനിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉടമകളുടെ ഫോണിൽ പരിശോധിച്ചാൽ സ്ഥാപനം എം.എസ്.എം.ഇ.യുടെ കീഴിൽ വരുന്നതല്ലെന്നും വൻകിട സംരഭമാണെന്നും മനസ്സിലാകും -തുടങ്ങിയവയാണ് ആത്മഹത്യാക്കുറിപ്പിലെ കുറ്റപ്പെടുത്തലുകൾ. തന്റെ ആത്മഹത്യ കാരണമാക്കിയെങ്കിലും മാലിന്യസംസ്കരണശാല പൂട്ടിക്കുന്നതിന്‌ പഞ്ചായത്ത് പ്രസിഡന്റ് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ആത്മഹത്യാക്കുറിപ്പ് സർവരേഖകളും ഉൾപ്പെടെ സത്യവാങ്മൂലമായി സ്വീകരിച്ച് പോസ്റ്റുമോർട്ടം ഒഴിവാക്കണമെന്നും കോഴിക്കോട് മെഡിക്കൽകോളേജ് അനാട്ടമി വിഭാഗത്തിലേക്ക് വിട്ടുനൽകണമെന്നും അപേക്ഷിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: razaq payambrott death, kondotty

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
suresh gopi

'കനൽത്തരി എന്നേ ചാരം പോലുമല്ലാതായിത്തീർന്നു'; പദയാത്രയുമായി സുരേഷ് ഗോപി കരുവന്നൂരില്‍

Oct 2, 2023


Pinarayi Vijayan

2 min

കേന്ദ്രം വിൽപ്പനയ്ക്ക് വെക്കുന്ന സ്ഥാപനങ്ങളെ കേരളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നു- മുഖ്യമന്ത്രി

Oct 2, 2023


kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023

Most Commented