മരിച്ച റസാഖ്
കൊണ്ടോട്ടി: ഇടത് സാംസ്‌കാരിക പ്രവര്‍ത്തകനും മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യചെയ്തതില്‍ സി.പി.എം. നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനുമുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഷീജ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച ഉച്ചയ്ക്ക് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി കൈമാറിയത്.
വ്യക്തിഹത്യ നടത്തിയാണ് റസാഖിനെ ആത്മഹത്യയിലേക്കെത്തിച്ചത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്‍പിലെത്തിക്കണം. റസാഖിന്റെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരേ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ പരാതികളും രേഖകളും ബാഗിലാക്കി കഴുത്തിലണിഞ്ഞാണ് ആത്മഹത്യചെയ്തത്. റസാഖിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൂടിയാണ് ഭാര്യ ഷീജ പോലീസിനെ സമീപിച്ചത്.
പാണ്ടിയാട്ടുപുറത്തെ വിവാദ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണകേന്ദ്രത്തിനെതിരേ റസാഖും കുടുംബവും പരാതി നല്‍കിയിരുന്നു. റസാഖിന്റെ സഹോദരന്‍ ബഷീര്‍ ശ്വാസകോശസംബന്ധമായ അസുഖം (ഐ.എല്‍.ഡി.) ബാധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മരിക്കാനിടയായത് വായുമലിനീകരണം മൂലമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും മറ്റും നല്‍കിയ പരാതിയില്‍ അനുകൂല നടപടിയുണ്ടായില്ല. പ്രശ്നത്തില്‍ സി.പി.എം. നേതാക്കളും നീതിപൂര്‍വമായ നിലപാടെടുക്കുന്നില്ലെന്ന് റസാഖിന് ആക്ഷേപമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം നേതാക്കള്‍ക്കെതിരേ പലതവണ രംഗത്തെത്തിയിരുന്നു.
വിവാദമായ പ്ലാസ്റ്റിക് മാലിന്യസംസ്കരണ കേന്ദ്രം പൂട്ടിച്ചു
പുളിക്കൽ : കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് വിവാദമായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനം പരിസരവാസികളും യു.ഡി.എഫ്. പ്രവർത്തകരും തടഞ്ഞു. തിങ്കളാഴ്ച രാവിലെ സംസ്കരണകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ യു.ഡി.എഫ്. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രവേശന കവാടത്തിനു മുൻപിൽ എത്തി. കരിപ്പൂർ പോലീസും സ്ഥലത്തെത്തി. തുടർന്ന് സംസ്കരണകേന്ദ്രം നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് പ്രവർത്തനം നിർത്തിവെപ്പിച്ചു.
പ്ലാസ്റ്റിക് സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദമാണ് ഇടതുസാംസ്കാരിക പ്രവർത്തകൻ റസാഖ് പയന്നോട്ടിന്റെ പഞ്ചായത്ത് ഓഫീസിലെ ആത്മഹത്യയ്ക്കു കാരണമായത്.

തിങ്കളാഴ്ച രാവിലെ തൊഴിലാളികളാണ് മാലിന്യ സംസ്കരണകേന്ദ്രം തുറക്കാനെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു. സ്ഥാപനമുടമയുടെ നിർദ്ദേശപ്രകാരമാണ് തൊഴിലാളികൾ കമ്പനി തുറക്കാനെത്തിയതെന്ന് യു.ഡി.എഫ്. പ്രവർത്തകർ പറയുന്നു. റസാഖിന്റെ മരണംനടന്ന് രണ്ടുദിവസം കഴിയുമ്പോഴേക്കും സംസ്കരണകേന്ദ്രം തുറക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. വിവാദങ്ങൾക്കു ഇടയാക്കിയ ഈ കേന്ദ്രം പൂട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് യു.ഡി.എഫ്. പറയുന്നത്. ആത്മഹത്യചെയ്ത റസാഖ് പയമ്പ്രോട്ടിന്റെ സഹോദരന്റെ കുടുംബം ഈ സംസ്കരണകേന്ദ്രത്തിന്റെ സമീപത്താണ് താമസിച്ചിരുന്നത്. സംസ്കരണകേന്ദ്രത്തിൽനിന്നുള്ള മലിനവായുവും മറ്റും ശ്വസിച്ചാണ് ജ്യേഷ്ഠന് അസുഖം ബാധിച്ചതെന്നായിരുന്നു റസാഖിന്റെ ആരോപണം. സഹോദരൻ മരിച്ചതോടെ ഈ കുടുംബം ഇവിടെനിന്ന് വീടൊഴിഞ്ഞുപോയി. വീടൊഴിഞ്ഞു പോകാനുള്ള കാര്യങ്ങൾ വ്യക്തമാക്കി ഗെയിറ്റിനു മുൻപിൽ ബോർഡ് വെച്ചിട്ടുണ്ട്. സംസ്കരണകേന്ദ്രം അടച്ചുപൂട്ടിയ ശേഷമേ തിരിച്ചുവരികയുള്ളൂവെന്നും ബോർഡിലുണ്ട്.
Content Highlights: razak payambrote-wife filed a complaint against the cpm leaders and the panchayat president


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..