തൃശ്ശൂര്‍: നെടുപുഴ കസ്തൂര്‍ബാ വൃദ്ധമന്ദിരത്തില്‍ മാസങ്ങള്‍ക്കുമുമ്പ് ഒരുദിവസം. പത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയില്‍ തലോടി 75 വയസ്സുള്ള രതി കവീന അനിയത്തി ധന്‍ കവീനയോടു പറഞ്ഞു -''ധന്‍, ഇവന്‍ നമ്മുടെകൂടി രക്തമാണ്.'' ഇത് കേള്‍ക്കാനിടയായ മറ്റൊരു അന്തേവാസിയായ രാധാമണി ചോദിച്ചു: ''എന്തേ ഇങ്ങനെ പറയാന്‍.'' മറുപടി രണ്ടുപേരും ഒന്നിച്ചാണ് പറഞ്ഞത് -''രാഹുലിന്റെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധി ഞങ്ങളുടെ അമ്മാവന്റെ സ്ഥാനത്തുവരും.'' കൃത്യമായി പറഞ്ഞാല്‍ ഈ സ്ത്രീകളുടെ അമ്മൂമ്മയുടെ സഹോദരന്റെ മകനാണ് ഫിറോസ്.

പൂങ്കുന്നത്തെ സീതാറാം മില്‍ തുടങ്ങിയപ്പോള്‍ 1944-ല്‍ അഹമ്മദാബാദില്‍നിന്ന് പ്രത്യേകം വരുത്തിയ സ്പിന്നിങ് മാസ്റ്ററായ പദംഷാ കവീനയുടെയും ഗൂലിന്റെയും മക്കളാണിവര്‍. ഗൂലിന്റെ അമ്മ ഹീരാഭായിയുടെ സഹോദരന്‍ ജഹാംഗീര്‍ ഫെര്‍ദോന്റെ മകനാണ് ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി.

ഗുജറാത്തിലെ വേരുകളെക്കുറിച്ച് അമ്മയിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. കുട്ടികളായിരുന്നപ്പോള്‍ അഹമ്മദാബാദില്‍ പോയിട്ടുണ്ട്. തേക്കിന്‍കാട് മൈതാനത്ത് നെഹ്രു വന്നപ്പോള്‍ സഹോദരനൊപ്പം കാണാന്‍പോയിരുന്നു. പദംഷായും ഗൂലും പൂങ്കുന്നത്തെത്തുമ്പോള്‍ ഒരു വയസ്സുള്ള മകന്‍ സൊറാബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് രതിയും ധന്‍നും പിറക്കുന്നത്. കെ. കരുണാകരന്‍ ഇവരുടെ കുടുംബസുഹൃത്തായിരുന്നു. സൊറാബിനും രതിക്കും ധന്‍നും കരുണാകരന്‍ 'അങ്കിള്‍' ആയിരുന്നു.

സൊറാബ് കേരളവര്‍മ കോളേജില്‍നിന്ന് ബി.കോമും രതി സെയ്ന്റ് മേരീസ് കോളേജില്‍നിന്ന് ബി.എസ്സി.യും ധന്‍ വിമല കോളേജില്‍നിന്ന് ബി.എ.യും ജയിച്ചു. അക്കാലത്ത് തൃശ്ശൂരിലെ ഏക പാഴ്സികുടുംബമായിരുന്നു ഇവരുടേത്. ചേട്ടന് പാഴ്സി വധുവിനെയും ഞങ്ങള്‍ക്ക് പാഴ്സി വരന്മാരെയും കിട്ടാത്തതിനാല്‍ മൂവരും അവിവാഹിതരാണെന്ന് ഇവര്‍ പറയുന്നു.

സൊറാബിന് തുണിവ്യവസായത്തിലെ ഉപകരണങ്ങളുടെ ബിസിനസായിരുന്നു. 1990-ല്‍ അമ്മയും 93-ല്‍ അച്ഛനും മരിച്ചു. സൊറാബ് പൂങ്കുന്നത്ത് അഞ്ച് സെന്റ് വാങ്ങി വീടുവെച്ചു. 2009-ല്‍ സൊറാബ് മരിച്ചശേഷവും സഹോദരിമാര്‍ ഇവിടെ തുടര്‍ന്നു. കൂട്ടിന് രണ്ട് നായകളും 24 പൂച്ചകളും.

2019 മേയിലാണ് കസ്തൂര്‍ബാ കേന്ദ്രത്തിലെത്തിയത്. രണ്ടുപേരും സ്ഥാപനത്തിന് ഒരാവേശമാണെന്ന് കസ്തൂര്‍ബാ കേന്ദ്രം കേരള പ്രതിനിധി കെ. ശാരദ, ഉപപ്രതിനിധി എം. പദ്മിനി എന്നിവര്‍ പറഞ്ഞു.

 

Content Highlights:Rathi Kaveena says about her relation with Priyanka Gandhi