കണ്ണൂര്‍: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മന്‍സൂര്‍ വധക്കേസ് പ്രതി കൂലോത്ത് രതീഷിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിന്റ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. 

രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്കടക്കം പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് ഒരു മല്‍പ്പിടിത്തത്തില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. മരണം ആത്മഹത്യയല്ല എന്ന സൂചന നല്‍കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.

രതീഷ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ചെക്യാട് അരൂണ്ടയില്‍ പോലീസിന്റെ വിദഗ്ധപരിശോധന നടത്തി. വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.

ചെക്യാട് പഞ്ചായത്തിലെ അരൂണ്ട കുളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സി.പി.എം. പ്രവര്‍ത്തകനായ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ (36) നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ എട്ടരയോടെ നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസ്, വളയം സി.ഐ. പി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂറിലേറെ സമയം എടുത്താണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വടകരയില്‍നിന്ന് വിരലടയാള വിദഗ്ധരായ ജിജേഷ് പ്രസാദ്, കോഴിക്കോട് റൂറലിലെ ഫോറന്‍സിക് അസിസ്റ്റന്റ് ഫെബിന്‍, ബാലുശ്ശേരിയിലെ ഡോഗ് സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്ത് പരിശോധന നടത്തി.

ratheesh
രതീഷിന്റെ മൃതദേഹം കണ്ട സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെ. സുധാകരന്‍ എം.പി ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എം. അക്രമത്തിന് നിയമത്തിന്റെ പരിരക്ഷയും പാര്‍ട്ടി സഹായവും നല്‍കുന്നത് പിണറായി വിജയനെപ്പോലുള്ള നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രതീഷിന്റെ മൃതദേഹം സംസ്‌കരിച്ചു

പെരിങ്ങത്തൂര്‍: കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ പുല്ലൂക്കരയിലെ കൂലോത്ത് രതീഷിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രതീഷിന്റെ പേര് പ്രതിപ്പട്ടികയിലുള്‍പ്പെട്ടിരുന്നു. വടകര താലൂക്കിലെ വളയത്തിനടുത്ത് കൂളിപ്പാറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെക്യാട്ട് വാഹനബോഡി നിര്‍മാണ തൊഴിലാളിയായിരുന്നു.

വളയം പോലീസിന്റെ മൃതദേഹപരിശോധനയ്ക്കുശേഷം കോഴിക്കോട് മെഡി. കോളേജ് ആസ്പത്രിയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി വരുമ്പോഴാണ് രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കെ.സുധാകരന്‍ പരാതി ഉന്നയിച്ചത്. ഇതോടെ വീണ്ടും വിദഗ്ധമായ മൃതദേഹപരിശോധന നടത്തി രാത്രിയോടെ പുല്ലൂക്കര കൊച്ചിയങ്ങാടിക്കടുത്തുള്ള കൂലോത്ത് വീട്ടിലെത്തിച്ചു.

മൃതദേഹം വൈകീട്ട് അഞ്ചോടെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. മൃതദേഹമെത്തുന്നതും കാത്ത് എല്‍.ഡി.എഫ്. നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. രാത്രി പത്തോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തി. രതീഷിന്റെ മരണം വളയം പോലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights: Ratheesh's death; Injured, suffocated- Post-mortem report