മുംബൈ: ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു.

താനിപ്പോള്‍ വിദേശത്താണുള്ളതെന്നും അതുകൊണ്ട് വിചാരണ നീട്ടണമെന്നുമാണ് ബിനോയ് കോടിയേരി ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 21ന് വിചാരണ ആരംഭിക്കുമ്പോള്‍ തനിക്ക്‌ കോടതിയില്‍ എത്താന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ 15-20 ദിവസത്തേക്ക് വിചാരണ നീട്ടിവെക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ബിനോയിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിച്ചതിനു ശേഷമാണ് കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചത്. ഈ മാസം 15ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കും. ഇതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ 2020 ഡിസംബര്‍ 15ന് ആണ് മുംബൈ പോലീസ് ബിനോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ബിനോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.

Content Highlights: Rape case: Binoy Kodiyeri filed an application seeking extension of trial