തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് വ്യക്തിപരമായ വിഷയമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഷയം കോടിയേരി റിപ്പോര്‍ട്ട് ചെയ്തു.

ബിനോയ് കോടിയേരിയുടെ വിഷയം തീര്‍ത്തും വ്യക്തിപരമാണ്. ഒരു അച്ഛനും പ്രായപൂര്‍ത്തിയായ ഒരു മകന്റെ ഇത്തരം ചെയ്തികളെക്കുറിച്ച് അറിയില്ല. ഇക്കാര്യത്തെ സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ല. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചോ അല്ലാതെയോ ഈ വിഷയത്തില്‍ മകന് ഒരു സഹായവും ചെയ്തുനല്‍കിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരിച്ചു. 

കോടിയേരിയുടെ വിശദീകരണം തൃപ്തികരമാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ബിനോയ് കോടിയേരിക്കെതിരായ കേസ് വ്യക്തിപരമാണെന്നും കേസും നടപടിക്രമങ്ങളുമെല്ലാം ബിനോയ് വ്യക്തിപരമായി നേരിടണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ കോടിയേരിയോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി. അതേസമയം, ഈ വിഷയം ഉയര്‍ത്തിക്കാട്ടി കോടിയേരി ബാലകൃഷ്ണനെതിരെ രാഷ്ട്രീയ ആക്രമണമുണ്ടാകുന്ന പക്ഷം അതിനെ പ്രതിരോധിക്കാനും യോഗത്തില്‍ ധാരണയായി.. 

Content Highlights: rape case against binoy kodiyeri, kodiyeri balakrishnan given explanation in cpm state Secretariat