പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ്. അംഗവും ബി.ജെ.പിയും തമ്മിൽ ധാരണയിലെത്തിയതിന്റെ രേഖകൾ പുറത്ത്. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ്(എം) അംഗം ശോഭ ചാർളിയാണ് മുന്നണി നേതൃത്വം അറിയാതെ ബി.ജെ.പിയുമായി ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ധാരണപത്രത്തിന്റെ പകർപ്പ് ബി.ജെ.പി. പുറത്തുവിട്ടു.

സ്വന്തം പാർട്ടിയുമായി അല്ലാതെ, ഇടതുപക്ഷവുമായി സഹകരിക്കില്ലെന്ന് ശോഭ ചാർളി ബിജെപിക്ക് രേഖാമൂലം ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്റാകാൻ ബി.ജെ.പി.യുടെ സഹായം തേടിയതിന് പിന്നാലെയാണ് ഇവർ രേഖാമൂലം ധാരണയിലെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ശോഭ ചാർളി തയ്യാറായില്ല.

റാന്നി പഞ്ചായത്തിൽ തങ്ങളുടെ സ്ഥാനാർഥിക്ക് സി.പി.എം. അംഗങ്ങൾ വോട്ട് ചെയ്തെന്നാണ് ബി.ജെ.പി.യുടെ വാദം. എൽ.ഡി.എഫ്. പ്രതിനിധിയായ ശോഭ ചാർളിയുടെ പേര് തിരഞ്ഞെടുപ്പിൽ നിർദേശിച്ചതും ഇവരെ പിന്താങ്ങിയതും ബി.ജെ.പി. അംഗങ്ങളായിരുന്നു. ആറിനെതിരേ ഏഴ് വോട്ടുകൾക്കാണ് ശോഭ ചാർളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പി. പിന്തുണയോടെ പ്രസിഡന്റായതിന് പിന്നാലെ രാജിവെക്കണമെന്ന് ശോഭ ചാർളിയോട് സി.പി.എം. നേതൃത്വം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജിവെയ്ക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനുപിന്നാലെ ശോഭ ചാർളിയെ എൽ.ഡി.എഫിൽനിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം, ശോഭ ചാർളിയും ബി.ജെ.പിയും തമ്മിലുള്ള ധാരണയെക്കുറിച്ച് പാർട്ടിക്ക് അറിയില്ലെന്നാണ് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

റാന്നിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

Content Highlights:ranni panchayath president election bjp and kerala congress member signed agreement