പത്തനംതിട്ട: ബി.ജെ.പി. പിന്തുണയിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ച റാന്നി പഞ്ചായത്തിൽ എൽ.ഡി.എഫിനുള്ളിൽ അനിശ്ചിതത്വം. പ്രസിഡന്റ് പദം രാജിവെക്കണമെന്ന് സി.പി.എം. നേതൃത്വം അടക്കം നിർദേശിച്ചിട്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ്(എം) അംഗം ഇതുവരെ രാജി സമർപ്പിച്ചില്ല. കേരള കോൺഗ്രസ്(എം) സംസ്ഥാന നേതൃത്വം ആവശ്യപ്പെടാതെ രാജിവെയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്. രാജി സംബന്ധിച്ച് പ്രാദേശിക എൽ.ഡി.എഫ്. നേതാക്കളും വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.

ബി.ജെ.പി.യിലെ രണ്ട് അംഗങ്ങളുടെ പിന്തുണയോട് കൂടിയാണ് എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി ശോഭ ചാർളി തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ്(എം) അംഗമായ ശോഭ ചാർളിക്ക് ആകെ ഏഴ് വോട്ടുകളാണ് ലഭിച്ചത്. റാന്നി പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളാണുള്ളത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്റെ പിന്തുണയിൽ റാന്നിയിൽ യു.ഡി.എഫ്. അധികാരം പിടിക്കുമെന്നായിരുന്നു അവസാനംനിമിഷം വരെയുള്ള കണക്കുക്കൂട്ടൽ. എന്നാൽ അപ്രതീക്ഷിതമായാണ് എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ബി.ജെ.പി. അംഗങ്ങൾ പിന്തുണ നൽകിയത്.

അതേസമയം, എസ്.ഡി.പി.ഐ. പിന്തുണയോടെ പ്രസിഡന്റ് പദവി ലഭിച്ച പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എൽ.ഡി.എഫ്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. എസ്.ഡി.പി.ഐ. പിന്തുണയിൽ ഭരണം വേണ്ടെന്ന നിലപാടിനെ തുടർന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങൾക്കകമായിരുന്നു രാജി.

Content Highlights:ranni panchayat president election bjp voted for ldf