ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ പ്രതിനിധി ലയ| Photo: Mathrubhumi news screen grab
തിരുവനന്തപുരം: സമരംചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. എൽജിഎസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി കാണാൻ സമയം അനുവദിക്കുകയായിരുന്നു.
എന്നാല്‍ അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചർച്ചയില്‍ പങ്കെടുത്തു ഉദ്യോഗാർഥികള്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു. മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഏത് മന്ത്രിയാണ് ഇങ്ങനെ പ്രതികരിച്ചതെന്ന ചോദ്യത്തിന് മന്ത്രിയുടെ പേരുപറയാൻ അവർ തയ്യാറായില്ല.
അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാർഥികൾ വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞു. 28 ദിവസമായി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ആർക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സർക്കാരിനെ കരിവാരിത്തേക്കാൻ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നുണ്ടായത്. എന്നാൽ ഇത് സർക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
ചീഫ് സെക്രട്ടറി തലത്തിൽ ഇന്ന് യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെയും സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ പറഞ്ഞു.
Content Highlights:Rank Holders protest they had a discussion with Minister Kadakampally Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..