തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളെയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  

തിരഞ്ഞെടുപ്പ് കമ്മീഷനോടാലോചിച്ച് വേണ്ടത് ചെയ്യുമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഇനി ഒരുകാര്യവും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയില്ല. കഴിയുമായിരുന്ന സമയത്ത് അതിനായി ചെറുവിരല്‍ അനക്കാന്‍ ഈ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി വര്‍ധിപ്പിക്കണമെന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ആവശ്യം. എന്നാല്‍ കാലാവധി നീട്ടിയില്ലന്ന് മാത്രമല്ല അവയെല്ലാം റദ്ദാക്കുകയും ചെയ്തു. ഇതുവഴി ഉദ്യോഗാര്‍ത്ഥികളുടെ വിലാപങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ചെയ്തത്. 

സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്ത പെണ്‍കുട്ടികള്‍ അടക്കമുള്ള ഉദ്യോഗാര്‍ത്ഥികളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗാര്‍ത്ഥികളുമായി ഒരു കാരണവശാലും ചര്‍ച്ച നടത്തില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് ചര്‍ച്ചക്കായി  ഡി.വൈ.എഫ്.ഐ നേതാക്കന്‍മാരെ അയച്ച് ഉദ്യോഗാര്‍ത്ഥികളെ അപമാനിച്ചു. പിന്നെ എ.ഡി.ജി.പിയെപ്പോലുള്ള ഉദ്യോഗസ്ഥന്മാരെ ചര്‍ച്ചക്ക് വിട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ മുറിവില്‍ സര്‍ക്കാര്‍ ഉപ്പുതേച്ചു. 

അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലന്ന് വരികയും ചെയ്തപ്പോള്‍ മന്ത്രിതല ചര്‍ച്ച തട്ടിക്കൂട്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള കുറുക്കുവഴി തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. യാതൊരു ആത്മാര്‍ത്ഥതയും സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇല്ലായിരുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ഒത്തുതീര്‍പ്പ് നാടകമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

Content Highlights: Rank Holders' Protest: Ramesh Chennithala criticises Kerala Government