കോഴിക്കോട്: ഇനി ആലത്തൂരിനൊപ്പം ഓരോ ശ്വാസത്തിലും ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ്‌ രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി വലിയ അവസരമാണ് നല്‍കിയത്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഒരു ധാര്‍മിക തീരുമാനത്തിന്റെ ഭാഗമായിക്കൂടിയാണ് രാജിയെന്ന് രാമ്യ പറഞ്ഞു.
 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനായി എന്ന ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ആലത്തൂരിലെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മവിശ്വാസത്തോടെ നിറവേറ്റിയെന്നാണ കരുതുന്നതെന്നും രാജിക്ക് ശേഷം രമ്യ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിയായി തീരുമാനിച്ച സമയത്ത് തന്നെ രാജിക്കാര്യം പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന് അനുവാദം ലഭിച്ചതെന്നും രമ്യ പറഞ്ഞു.
 
ആലത്തൂരിലെത്തിയ തന്നെ ഇരുകൈയ്യും നീട്ടിയാണ് അവിടുത്തുകാര്‍ സ്വീകരിച്ചത്. വിജയം സുനിശ്ചിതമാണ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ മത്സരിക്കാനെത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും രമ്യ പറഞ്ഞു. നാളെ മുതല്‍ തനിക്ക് തിരഞ്ഞെടുപ്പ് വേളയില്‍ പിന്തുണ നല്‍കിയ പ്രവര്‍ത്തകരെ ഓരോ നിയോജക മണ്ഡലങ്ങളിലുമെത്തി കാണും. ചിറ്റൂര്‍ മണ്ഡലത്തില്‍ നിന്നും നാളെ സന്ദര്‍ശനം ആരംഭിക്കുമെന്നും രമ്യ പറഞ്ഞു.  
 
ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കുന്ദമംഗലം ബ്ലോക്കിലെ യു.ഡി.എഫിന്റെ ഭരണം. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ രമ്യ രാജി വയ്ക്കുന്നതോടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടും. ഇതൊഴിവാക്കാനാണ് രാജി.
 
Content Highlights:Ramya Haridas Resigned From Kunnamangalam Block President