തിരുവനന്തപുരം: സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന എൻഫോഴ്സ്മെന്റ് കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് ചെന്നിത്തല വിമർശിച്ചു.

കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിച്ച മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും ഒഴിഞ്ഞുപോകുന്നതാണ് മാന്യതയെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് തവണ ശിവശങ്കറിനൊപ്പം സ്വപ്ന മുഖ്യമന്ത്രിയെ കണ്ടുവെന്നത് ഇ.ഡിയുടെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുന്നു. കേസിൽ ഇനി മുഖ്യമന്ത്രിയെയാകും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യദ്രോഹപരമായ കള്ളക്കടത്ത് കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് രാജിവച്ച് ഒഴിഞ്ഞുകൂടെയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിലെ മുഴുവൻ ജനങ്ങളെയും നാണംകെടുത്തിയ മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ആലിബാബയും നാൽപത് കള്ളൻമാരും എന്ന് പറഞ്ഞത് പോലെയാണ് പിണറായി സർക്കാർ. ഇതിലൂടെ സർക്കാരിന്റെ തനിനിറം ജനങ്ങൾക്ക് മനസിലായി. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇനി കൂടാൻ പോവുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

content highlights: Ramesh Chennithala statement against CM Pinarayi Vijayan