
രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ ഒരു ഐ.ജി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറൻസിക്കിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐ.ജി. നിർദേശിച്ചതായും ചെന്നിത്തല ആരോപിച്ചു.
ഫോറൻസിക് റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതിയിൽ റിപ്പോർട്ട് കേടതിയിൽ എത്തിയതിന് പിന്നാലെ ഒരു ഐ.ജി. ഫോറൻസിക് വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാരോട് ഹാജരാകാൻ ആവശ്യപ്പെട്ടു. ഇത് അസാധാരണമായ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐ.ജി. കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ ഐ.ജി. വാങ്ങിവെച്ചു. ഫോറൻസിക്കിന്റെ രണ്ടാമത്തെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ഉദ്യോഗസ്ഥക്ക് ഐജി നിർദേശം നൽകി.
ഫോറൻസിക് റിപ്പോർട്ടുകളിൽ ഒരുകാലത്തും പോലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല ഐ.ജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി വേണം കാണാനെന്നും പറഞ്ഞു. ഫോറൻസിക് ഉദ്യേഗസ്ഥരെ വിളിച്ചുവരുത്താൻ ഐ.ജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിർദേശപ്രകാരമാണ് ഐ.ജി. ഇപ്രകാരം പ്രവർത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഐ.ജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നേരിട്ട് തെളിവുകള്‍ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. അതിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നത് ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയുമാണ്.
ഡിജിപി റാങ്കുളള ഉദ്യോഗസ്ഥനെ ഫോറന്‍സിക്കില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഇതും അട്ടിമറിയാണ്. ഇന്നുവരെ ഡിജിപി റാങ്കിലുളള ഒരു ഉദ്യോഗസ്ഥനെ ഫോറന്‍സിക്കില്‍ നിയമിച്ചിട്ടില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായി തെളിവുകള്‍ ശേഖരിക്കാനുളള സംവിധാനമാണ് ഫോറന്‍സിക്കിനുളളത്. ശാസ്ത്രജ്ഞര്‍ക്ക് പകരം പോലീസ് ഉദ്യോഗസ്ഥര്‍ ഡയറക്ടറേറ്റിലേക്ക് വന്നാല്‍ അതിന്റെ സ്വഭാവം നഷ്ടപ്പെടും. അതിനാല്‍ ഡി.ജി.പി.യുടെ കത്ത് സര്‍ക്കാര്‍ തള്ളിക്കളയണം. ഫോറന്‍സിക് ഡയറക്ടര്‍ വൊളണ്ടറി റിട്ടയര്‍മെന്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. 2021 ജനുവരി വരെ സര്‍വീസുളള ഡയറട്കര്‍ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചത് ഏതെങ്കിലും ഭീഷണിയുടെ പുറത്താണോയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Ramesh Chennithala says IG threatened forensic officers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..