രമേശ് ചെന്നിത്തല, സുകുമാരൻ നായർ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: തനിക്കെതിരെ വിമര്‍ശനം ഉയർത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. സ്ഥാനമാനങ്ങള്‍ നല്കി വളര്‍ത്തിയതും വലുതാക്കിയതും കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അതിനോടാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ ശശി തരൂരിനെ പ്രശംസിക്കുകയും ചെന്നിത്തലയേയും വി.ഡി.സതീശനേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോല്ക്കാന് കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി.
'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് എന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. എന്നെ ആരും അങ്ങനെ ഉയര്‍ത്തിക്കാട്ടിയിട്ടില്ല.
കഴിഞ്ഞ 45 വര്‍ഷമായി പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും മതേതര നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നും ആ നിലപാട് തന്നെയായിരിക്കും. അതില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമേയില്ല. ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിയാണ് എന്നെ സ്ഥാനങ്ങളിലേക്കെത്തിക്കുകയും വളര്‍ത്തുകയും ചെയ്തിട്ടുള്ളത്. പാര്‍ട്ടിയോടാണ് ഏറ്റവും വലിയ ഉത്തരവാദിത്തമുള്ളത്', ചെന്നിത്തല പറഞ്ഞു.
സുകുമാരന്‍ നായര്‍ പറഞ്ഞ എല്ലാ കാര്യത്തിനോടും മറുപടി പറയാനില്ല. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയാകുന്നതിന് മുമ്പും തന്റെ നിലപാട് ഇതുതന്നെയാണ്. അതില്‍ നിന്ന് വ്യത്യാസവുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Content Highlights: ramesh Chennithala reply to Sukumaran Nair-congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..