ആലപ്പുഴ: പരാജയഭീതി പൂണ്ട സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ പാനൂരില്‍ മന്‍സൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാര്‍ട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു. 

അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരില്‍ ഉണ്ടായത്. ആന്തൂരില്‍ 35 ബൂത്തുകളില്‍ ഒരുബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുളള രാഷ്ട്രീയ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്. എംവിഗോവിന്ദന്‍ പറഞ്ഞതനുസരിച്ച് കളളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ സിപിഎം സ്വീകരിക്കണം. സാങ്കേതികമായി അവര്‍ അധികാരത്തിലാണ്. നാട്ടില്‍ മനസമാധാനം പുലരണം. - ചെന്നിത്തല പറഞ്ഞു. 

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.'എം.വി.ഗോവിന്ദര്‍ മാസ്റ്ററുടെ പ്രസ്താവന കളളവോട്ട് ചെയ്യാനുളള ആഹ്വാനമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി തളിപ്പറമ്പില്‍ ബൂത്ത് പിടിത്തമുണ്ടായി. തളിപ്പറമ്പില്‍ ബൂത്ത് പിടിത്തമുണ്ടായിടത്ത് റീപോളിങ് വേണമെന്ന് ആശ്യപ്പെടുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ് ഇതുസംബന്ധിച്ച പരാതി റിട്ടേണിങ് ഓഫീസര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണം' ചെന്നിത്തല പറഞ്ഞു. 

കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തന്റെ നിര്‍ദേശങ്ങള്‍ ഇന്ന് കമ്മിഷന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കിയില്ലെങ്കില്‍ അത് കമ്മിഷന്റെ പരിശുദ്ധിയെ നശിപ്പിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ വ്യാജവോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഹൈക്കോടതിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അത് ഫലപ്രദമായി തടയാന്‍ നിലപാട് സ്വീകരിച്ച ഹൈക്കോടതിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അഭിനന്ദിക്കുന്നു. പരമാവധി വ്യാജവോട്ടുകള്‍ തയാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഏതാണ്ട് 4,35,000 കളള വോട്ടുകള്‍ ഉണ്ടായി. അതില്‍ ഒരുശതമാനം പോലും ചെയ്യാനായിട്ടില്ല.80 വയസ്സുകഴിഞ്ഞവരുടെ തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നതായി വ്യാപകമായി പരാതി ഉണ്ടായിട്ടുണ്ട്. അതിന്റെ വിവരശേഖരണം യുഡിഎഫ് നടത്തും. ' 

വിശ്വാസ സമൂഹം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Content Highlights:Ramesh Chennithala reacts on Panoor IUML activist's Murder