Ramesh Chennithala | Photo: Mathrubhumi
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.വി. തോമസ് കോണ്‍ഗ്രസില്‍ത്തന്നെ ഉറച്ചുനില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. തന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഐശ്വര്യ കേരളയാത്ര' തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമാകുമെന്നും അദ്ദേഹ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാമുഖ്യം കൊടുക്കണമെന്നുതന്നെയാണ്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തും.
കെ.വി. തോമസുമായി കൂടിക്കാഴ്ച നടത്തുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. അദ്ദേഹം ഉറച്ച കോണ്‍ഗ്രസുകാരനാണ്, എങ്ങോട്ടും പോകില്ല. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ തുടരും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സ്വാഭാവികമായും പരാതികള്‍ ഉണ്ടാകാം. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, പരിഹരിക്കും.
കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് അശോക് ഗഹ്ലോത്തിന്റേതെന്ന് വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് പാപ്പരത്തമാണെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാജസ്ഥാന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് അശോക് ഗഹ്ലോത്ത് പറഞ്ഞത്. കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമാണ്. സ്വര്‍ണക്കള്ളക്കടത്തും അഴിമതിയും അതിനോട് ചേര്‍ത്തുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ധര്‍മം പൂര്‍ണമായി നിറവേറ്റി. എല്ലാറ്റിനെയും കണ്ണടച്ച് എതിര്‍ക്കുന്ന നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. യോജിക്കേണ്ട സന്ദര്‍ഭങ്ങളില്‍ യോജിച്ചും സര്‍ക്കാരിന്റെ അഴിമതിയെയും കൊള്ളരുതായ്മയെയും എതിര്‍ത്തുമാണ് പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. നിയമസഭയ്ക്ക് പുറത്തും ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു.
തികച്ചും അന്തസ്സുള്ള നിയമസഭാ പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നടന്നത്. പ്രതിപക്ഷ പ്രവര്‍ത്തനം പരിപൂര്‍ണ വിജയമായിരുന്നു. അവിശ്വാസ പ്രമേയം, സ്പീക്കര്‍ക്കെതിരായ പ്രമേയം എന്നിവയടക്കം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിവിധ വിഷയങ്ങള്‍ ചെന്നിത്തല പത്രസമ്മേളനത്തില്‍ എണ്ണിപ്പറഞ്ഞു.
Content Highlights: Ramesh Chennithala press meet on kerala yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..