രമേശ് ചെന്നിത്തല |ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി ഇടത് സര്‍ക്കാരിനും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുമേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാരായ കൊലയാളികളെ സി.ബി.ഐയില്‍ നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവില്‍ നിന്ന് ചെലവാക്കിയത്. യൂത്ത് കോണ്ഗ്രിസിന്റെ ചുറുചുറുക്കുള്ള പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും അതിക്രൂരമായാണ് സി.പി.എം കൊലയാളികള്‍ വെട്ടിക്കൊന്നത്. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണം പ്രതികളെ രക്ഷിക്കുന്ന തരത്തിലായതോടെയാണ് രണ്ട് ചെറുപ്പക്കാരുടെയും കുടുംബാംഗങ്ങള്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയിലെത്തിയത്.
സി.ബി.ഐ ഈ കേസ് അന്വേഷിച്ചാല്‍ കൊലയാളികള്‍ക്കൊപ്പം ഈ അരുംകൊലപാതകത്തിന്റെ ആസൂത്രകരായ നേതാക്കളും കുടുങ്ങുമെന്ന ഭയമാണ് പൊതുഖജനാവ് ധൂര്‍ത്തടിച്ച് സുപ്രീം കോടതി വരെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. നെറികെട്ട ആ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. എത്രയൊക്കെ മൂടി വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നതിന് തെളിവാണ് ഈ വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: Ramesh chennithala on Periya twin murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..