തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭയുടെ  തീരുമാനം സി പി എമ്മിന്റെ വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച് ഏറ്റവും കൂടുതല്‍ പൊതുസ്വത്തും സ്വകാര്യസ്വത്തും നശിപ്പിച്ചിട്ടുള്ളത് സി പി എമ്മാണെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോള്‍ സി പി എം അധികാരത്തിലേറിയപ്പോള്‍, ബി.ജെ.പിക്കാര്‍ അതുതന്നെ ചെയ്യുന്നത് കണ്ടപ്പോഴാണ് സി പി എമ്മിന് യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇപ്പോഴെങ്കിലും സി.പി.എമ്മിന് അത് തെറ്റാണെന്ന മനസിലായതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നു. ഈ സാഹചര്യത്തില്‍, ആഭ്യന്തരമന്ത്രിയായിരിക്കെ താന്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് ഈ സര്‍ക്കാര്‍ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് ഒരിക്കലും അക്രമത്തില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന അനാവശ്യ ഹര്‍ത്താലുകള്‍ പാടില്ല എന്നാണ് യു.ഡി.എഫ് നയം. അവസാന ആയുധമായാണ് ഹര്‍ത്താല്‍ പ്രയോഗിക്കേണ്ടത്. മൂന്നുദിവസം മുമ്പ് നോട്ടീസ് നല്‍കിയേ ഹര്‍ത്താല്‍ പ്രഖ്യാപിക്കാവൂ എന്നാണ് ആ ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നത്. അന്ന് ആ ബില്ല് കൊണ്ടുവന്നപ്പോള്‍ കരിനിയമം എന്നുപറഞ്ഞ് ശക്തമായി എതിര്‍ത്തത് ഇടതുമുന്നണി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

content highlights: ramesh chennithala on ordinance against destruction of private property during hartal