തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയമായ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ ഈ സര്‍ക്കാരിന്റെ യഥാര്‍ഥമുഖം പുറത്തെത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളതിനാലാണ് ജലീല്‍ മന്ത്രിയെന്ന നിലയില്‍ ഇത്രയും വലിയ അഴിമതി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. 

മന്ത്രി കെ ടി ജലീലിനെതിരായ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കാനുള്ള ധൈര്യം മറ്റു മന്ത്രിമാര്‍ക്ക് ലഭിച്ചു. ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സാണ് ജയരാജനെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാര്‍ അഴിമതി സര്‍ക്കാരായി അധഃപതിച്ചിരിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ ഒരു ഡി വൈ എസ് പിയെ ആറുദിവസമായിട്ടും പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് നെയ്യാറ്റിന്‍കര കൊലപാതകത്തെ പരാമര്‍ശിച്ച് അദ്ദേഹം ചോദിച്ചു. പോലീസിലെ ഉന്നതന്മാരുടെ പിന്തുണയുള്ളതിനാലാണ് ഹരികുമാറിനെ പിടികൂടാന്‍ സാധിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു. 

സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഹരികുമാര്‍ രക്ഷപ്പെടും. കേസ് പോലീസ് അട്ടിമറിക്കുകയാണ്. പ്രതി ഡി വൈ എസ് പി ആണെന്നു തെളിഞ്ഞിട്ടും കേസ് എന്തിനാണ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചതെന്നും ചെന്നിത്തല ചോദിച്ചു. കേസ് അട്ടിമറിക്കാനും താമസിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും കേസ് ഐ ജി അന്വേഷിക്കണമെന്നും അല്ലെങ്കില്‍ സി ബി ഐക്കു വിടണമെന്നും ചെന്നിത്തല പറഞ്ഞു.

content highlights: ramesh chennithala on k t jaleel nepotism contoversy