രമേശ് ചെന്നിത്തല
തിരുവനന്തപുരം: എന്ത് അഴിമതി നടത്തിയത് ചോദ്യം ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടിയില്ലേ എന്ന ചോദ്യം മാത്രമാണ് സര്‍ക്കാര്‍ ചോദിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞങ്ങള്‍ ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നു. അത് ശരിയാണെന്നാണ് കഴിഞ്ഞ ദിവസം വന്ന ബ്രൂവറി കേസിന്റെ വിധി വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രൂവറി കേസില്‍ സത്യം തെളിയും വരെ പോരാട്ടം തുടരും. ഫയലുകള്‍ വിളിച്ച് വരുത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. സമാനമാണ് സ്പ്രിംഗ്ളര്‍ അഴിമതിയുടേയും കാര്യം. അതിനും കൃത്യമായ തെളിവുണ്ട്. ജനങ്ങളുടെ ഡാറ്റ അനുവാദമില്ലാതെ വില്‍ക്കുകയാണ് ചെയ്തത്. ഇതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ബ്രൂവറിയും -ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതി നടത്തിയെന്നാരോപിച്ച് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ തടസ്സ ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളിയത്. ഇതിന് പുറമെ ബ്രൂവറിക്ക് ലൈസന്‍സ് നല്കിയ സമയത്തുള്ള സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപെട്ട് രമേശ് ചെന്നിത്തല സമര്‍പ്പിച്ച അപേക്ഷ കോടതി അനുവദിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം മുന്‍ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന് അനധികൃതമായി ലൈസന്‍സ് നല്കാന് തീരുമാനിച്ചുവെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്, എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, ബ്രൂവറി - ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..