തിരുവനന്തപുരം: തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റിവല്‍  വിഷയത്തില്‍ അധ്യാപിക ദീപയ്‌ക്കെതിര നടപടിയെടുക്കരുതെന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ബീഫ് ഫെസ്റ്റിന് അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് ടീച്ചറെ ക്രൂശിക്കുന്നത് ശരിയായ നടപടിയല്ല.

ടീച്ചര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഭാസ്‌കരന്‍ നായര്‍ പറഞ്ഞുവെന്നും മന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് നടക്കുന്ന ബീഫ് ഫെസ്റ്റിവലുകള്‍ക്കിടെ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള അവകാശത്തെ ഹനിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.