രമേശ് ചെന്നിത്തല, കെ. സുധാകരൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളിയാഴ്ച രാവിലെ നടന്ന എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
പ്രശ്‌നങ്ങളെല്ലാം കെ.പി.സി.സി അധ്യക്ഷനെ ധരിപ്പിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ വിളിച്ചതിനാലാണ് ചര്‍ച്ചയ്ക്കെത്തിയത്. തങ്ങള്‍ക്ക് പറയാനുള്ള വിഷയങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സനും സുധാകരനുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ മഴ വൈകുന്നതിന് പരിഹാരമുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പരിഹസിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തില്‍ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നുണ്ട്. പുനഃസംഘടനയില്‍ എ, ഐ. ഗ്രൂപ്പുകള്‍ക്ക് ഒരുപോലെ അതൃപ്തിയുണ്ട്. ഇത് പരസ്യമാക്കി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. തങ്ങളെ വിശ്വാസത്തിലെടുക്കാതെ കെ. വേണുഗോപാല്‍- വി.ഡി. സതീശന്‍- കെ. സുധാകരന്‍ ഗ്രൂപ്പുകള്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തുവെന്ന വികാരമാണ് ഇരുഗ്രൂപ്പുകള്‍ക്കുമുള്ളത്.
രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍, കെ.സി ജോസഫ്, ബെന്നി ബെഹനാന്‍ തുടങ്ങി എ-ഐ ഗ്രൂപ്പുകളിലെ പ്രബലര്‍ വെള്ളിയാഴ്ച രാവിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പുനഃസംഘടനാ നടപടികള്‍ അട്ടിമറിച്ചുകൊണ്ട് ഗ്രൂപ്പ് സമവാക്യങ്ങള്‍ കണക്കിലെടുക്കാതെ സ്വാധീനമുണ്ടാക്കാന്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം. പരാതി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിക്കാനുള്ള തീരുമാനത്തിലാണ് നേതാക്കള്‍.
പരാതിക്കാരെയെല്ലാം കാണാന്‍ താന്‍ തീരുമാനിച്ചതായി കെ. സുധാകരന്‍ അറിയിച്ചു. സൗഹൃദമായ അന്തരീക്ഷം കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാക്കിയെടുക്കുമെന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: ramesh chennithala meets k sudhakaran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..