രമേശ് ചെന്നിത്തല | ഫോട്ടോ: കെ ബി സതീഷ് കുമാർ | മാതൃഭൂമി
തിരുവനന്തപുരം: ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ലോകായുക്ത വിധിയുടെ വെളിച്ചത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങുകയോ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഒരു കെയര്‍ടേക്കര്‍ മന്ത്രിസഭയുടെ പദവിയേ പിണറായി സര്‍ക്കാരിനുള്ളൂ. ഈ മന്ത്രിസഭയെ തന്നെ പുറത്താക്കാന്‍ ജനങ്ങള്‍ വിധിയെഴുതിയിട്ടുണ്ടെന്നതും ഉറപ്പാണ്. എങ്കിലും നിയമം നടപ്പാക്കപ്പെടുക തന്നെ വേണം. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രി കെ.ടി ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്. യുക്തമായ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
പക്ഷേ നിരന്തരം ഭരണഘടന ലംഘിക്കുകയും ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുകയും ചെയ്ത മന്ത്രി കെ.ടി ജലീലിനെ നിര്‍ലജ്ജം സംരക്ഷിച്ചിരുന്നത് ഈ മുഖ്യമന്ത്രിയാണ്. അതിനാല്‍ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരവും കൂടിയാണ് ഈ വിധി. അടുത്ത കാലത്തൊന്നും ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നിട്ടില്ല. അത് നടപ്പാക്കേണ്ട ധാര്‍മ്മികവും നിയമപരവുമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അത് നിറവേറ്റുന്നതാണ് സാമാന്യ മര്യാദ. അതിനാല്‍ അല്പമെങ്കിലും ധാര്‍മ്മികത മുഖ്യമന്ത്രിയില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം കെ.ടി ജലീലിനെ ഉടനടി പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
Content Highlights: Ramesh Chennithala Lokayuktha report K.T Jaleel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..