കോഴിക്കോട്: ബിജെപിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ആരംഭിച്ചു. കോഴിക്കോട് കിഡ്‍സൺ കോര്‍ണ്ണറിലാണ്  ഉപവാസ സമരം. കെപിസിസി പ്രസിഡൻ്റ് എം.എം. ഹസനാണ്  സമരം  ഉദ്ഘാടനം ചെയ്തത്. ഡിസിസി പ്രസിഡൻ്റ്  ടി. സിദ്ദിഖ്, എം.കെ. രാഘവൻ എംപിസ്ഥലത്തെ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ  സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 

അക്രമങ്ങളിൽ പ്രതിഷേധിച്ച്  തിങ്കളാഴ്ച രാജ്ഭവനു മുന്നില്‍ യുഡിഎഫ്  എംഎല്‍എമാര്‍ ധര്‍ണ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.  കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും ജനങ്ങളോട് ഒരു ഉത്തരവാദിത്വവുമില്ലെന്ന്  രമേശ് ചെന്നത്തല ആരോപിച്ചു.

കൊലപാതങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും അക്രമങ്ങള്‍ക്കും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളാണ് നേതൃത്വം നല്‍കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.  അക്രമമുണ്ടായി സമാധാന ജീവിതം കേരളത്തില്‍ നിന്ന് ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.