മലപ്പുറം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒളിച്ചുകളി അവസാനിപ്പിക്കണം. അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി വന്നപ്പോള്‍ ബന്ധപ്പെട്ടവരുമായി അത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്നത് ചെയ്യാതെ ഇപ്പോള്‍ റിവ്യു പെറ്റീഷനില്‍ വിധി വന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത് വിശ്വാസ സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ്. 

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെറ്റിപ്പോയെന്ന് പരസ്യമായി പറഞ്ഞ് മാപ്പ് ചോദിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി വിജയ രാഘവന്‍ തയ്യാറാണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കരട് ബില്ലില്‍ യു.ഡി.എഫില്‍ കൂട്ടായ ചര്‍ച്ചക്ക് ശേഷം അന്തിമ തിരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആരുമറിയാതെ ഏഴ് പേരെ നിയമിക്കാനുള്ള തിരുമാനം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം 25 പേഴ്സണല്‍ സ്റ്റാഫോ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ അത് മുപ്പത്തേഴാക്കി. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏഴ് പേഴ്സണല്‍ സ്റ്റാഫിനെക്കൂടെ നിയമിച്ചത്. 

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രമാര്‍ക്കും മുപ്പത് പേര്‍ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്.  മുഖ്യമന്ത്രിക്ക് മാത്രം 37 പേര്‍ എന്നത് തികഞ്ഞ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. താല്‍ക്കാലിക നിയമനങ്ങള്‍ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം വരും. ഇതെല്ലാം നാട്ടിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മാണി സി.കാപ്പന്‍ നിലപാട് വ്യക്തമാക്കിയ ശേഷമെ യു.ഡി.എഫ്. തിരുമാനമാനം ഉണ്ടാകുകയുഴള്ളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകക്ഷിയുടെ അഖിലേന്ത്യ സെക്രട്ടറി മുഖ്യമന്ത്രിയെ കാണാന്‍ മൂന്ന് തവണ സമയം ചോദിച്ചിട്ട് നല്‍കാതിരുന്നത് ഘടകക്ഷികളോടുള്ള സി.പി.എമ്മിന്റെ നയമാണ് വ്യക്തമാക്കുന്നത്. ഇതാണ് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: Ramesh Chennithala hits back at Kerala CM Pinarayi Vijayan