കൊച്ചി: വിവാദമായ സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല ​ഹൈക്കോടതിയെ സമീപിച്ചു. ഇതിനകം വിവരങ്ങൾ ശേഖരിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിംക്ലർ സിഇഒ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇതുവരെ സ്പ്രിംക്ലറിൽ വ്യക്തിവിവരങ്ങൾ അ‌പ്ലോഡ് ചെയ്യപ്പെട്ട ആളുകൾക്കുള്ള നഷ്ടപരിഹാരത്തുക മുഖ്യമന്ത്രി, ഐടി സെക്രട്ടറി എന്നിവരിൽ നിന്ന് ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു.

Petition

ഇടപാടിൽ 200 കോടി രൂപയുടെ അ‌ഴിമതിയുണ്ടെന്ന് നേരത്തേ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് സർക്കാരിനെതിരേ നിയമനടപടിയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. 

സ്പ്രിംക്ലർ ഇടപാടിൽ വിജിലൻസ് അ‌ന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അ‌ധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്ന് ​ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. 

വിഷയത്തിൽ മറ്റു മൂന്നു കേസുകൾ കൂടി ​ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ​ഈ ഹർജികൾ പരിഗണിക്കവേ ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു.