തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തേ കോടതി വിധിക്കെതിരെ കെ. സുധാകരന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. 

'സുപ്രീം കോടതി വിധിയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. അക്കാര്യവും സുപ്രീം കോടതി പരിശോധിക്കണം'. രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

വിഷയത്തില്‍ ഇടത് മുന്നണി സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുക്കാതെ കള്ളക്കളി നടത്തിയതാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചത്. പൊതുജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടി ഇടതുമുന്നണി സ്വീകരിച്ച ഈ ഇരട്ട നിലപാട് കേസിനെ പ്രതികൂലമായി ബാധിച്ചെന്നും ചെന്നിത്തല പ്രസ്താവനയില്‍ ആരോപിച്ചു.