തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രവാസികളെ സഹായിക്കാന്‍ ഒന്നും ചെയ്തില്ലെന്നും അവരെ സഹായിക്കാനായി മുന്നോട്ടു വന്നത് സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

"പ്രവാസികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തില്ല. ആഹാരത്തിനു ബുദ്ധിമുട്ടുന്നവര്‍, വിസ നഷ്ടപ്പെട്ടവര്‍, മരുന്നില്ലാത്തവര്‍ എന്നിവരെ സഹായിക്കാന്‍ മുന്നോട്ടു വന്നത് സന്നദ്ധ സംഘടനകള്‍ മാത്രമാണ്",- രമേശ് ചെന്നിത്തല പറഞ്ഞു.

കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്നുള്ളവരെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

"കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും രോഗമുള്ളവരെയും ഇല്ലാത്തരെയും ഒരുമിച്ച് കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രി അയച്ച കത്തില്‍ ഗള്‍ഫില്‍ നിന്ന് വരുന്ന ആളുകളെ കുറിച്ച മാത്രമേ പറയുന്നുള്ളൂ. ഗള്‍ഫിലല്ലാത്തയാളുകളെ കുറിച്ച് സര്‍ക്കാര്‍ പറയുന്നില്ല. ഗള്‍ഫുകാരോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തുമ്പോള്‍ അവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. തീവണ്ടികളില്‍ വരുന്നവരില്‍ 60 ശതമാനവും റെഡ്‌സോണില്‍ നിന്നാണ് വരുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസിലും തീവണ്ടികളിലും ഗള്‍ഫല്ലാത്ത മറ്റ് മേഖലകളില്‍ നിന്നും വരുന്നവര്‍ക്ക് നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനുള്ള അവസരം ഉണ്ട്. അങ്ങനെയിരിക്കെ ഗള്‍ഫിലെ ആളുകള്‍ക്ക് മാത്രം വിവേചനം എന്തിനാണെന്ന് മനസ്സിലാവുന്നില്ല", ചെന്നിത്തല പറഞ്ഞു. 

ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിന് എംബസ്സികള്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. അതാത് രാജ്യങ്ങളുടെ അനുമതി വേണം. എംബസ്സികളില്‍ ടെസ്റ്റിനിങ്ങിന് സൗകര്യം ഉണ്ടാക്കണമെന്ന് പറയാനാവില്ല. വിവിധ രാജ്യങ്ങളില്‍ ആശുപത്രികളില്‍ സൗകര്യം ഇല്ലാത്തതു കൊണ്ട് കോവിഡ് ലക്ഷണമില്ലാത്തവരെ ടെസ്റ്റിന് വിധേയമാക്കുന്നില്ല. നോണ്‍ കോവിഡ് ടെസ്റ്റ് കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇത്തരത്തില്‍ ഏറെയാണ്. കേന്ദ്രസർക്കാര്‍ ആദ്യം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. നാമമാത്രമായ വിമാനങ്ങളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസർക്കാര്‍ ഒരുക്കിയത്. 

റാപ്പിഡ് ടസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്. ഖത്തര്‍, ഒമാൻ, സൗദി എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം ഇല്ല. സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

content highlights: Ramesh Chennithala Criticises Kerala Government on Pravasi non Covid certificate issue