
രമേശ് ചെന്നിത്തല| Photo: Mathrubhumi
ആലപ്പുഴ: അദാനിയുമായി വൈദ്യുതി ബോര്‍ഡ് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം. മണിയുടെ വാദത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ നേരിട്ട് തന്നെ കഴിഞ്ഞമാസം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ ഉറപ്പിച്ചത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 15-02-2021-ല്‍ നടന്ന ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്ട്സില്‍ അജണ്ട 47-ല്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ട്. 2021 ഏപ്രില്‍, മേയ് മാസങ്ങളില്‍ അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അതിനാല്‍ അദാനിയെ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. വല്ലഭന് പുല്ലും ആയുധം എന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ വൈഭവമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്. സംസ്ഥാനത്തെ ജനങ്ങുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭം ഈ കരാറിലൂടെ ഉണ്ടായിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിണറായിക്കെതിരായ ഒരു അന്വേഷണം എവിടെയും എത്താത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് ഈ കേസുകള്‍ എല്ലാം മുക്കുന്നത്. ഈ ബന്ധം തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ആര്.പി.ഒയുടെ പേരില്‍ അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താല്പര്യമാണെന്നും ചെന്നിത്തല ആരാഞ്ഞു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള കരാര്‍ ഉറപ്പിച്ചത്. എത്ര കമ്മീഷന് കിട്ടി എന്ന് പറഞ്ഞാല്‍ മതി മുഖ്യമന്ത്രി. പിണറായി-അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിഞ്ഞത്. ആര്.പി.ഒ. ഇടതു കൈകൊണ്ടും വലതുകൈ കൊണ്ടും അദാനിയെ സഹായിക്കുയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
content highlights: ramesh chennithala criticises government and pinarayi vijayan over kseb-adani deal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..