തിരുവനന്തപുരം: സ്വര്‍ണ്ണക്കളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണവും വന്ന സന്ദര്‍ഭത്തില്‍ തന്റെ സെക്രട്ടറിയായ ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
"പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി ശരിവെക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണവും വന്ന സന്ദര്‍ഭത്തില്‍ തന്റെ സെക്രട്ടറിയായ ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സ്പ്രിംക്ലര്‍ അഴിമതി വന്നപ്പോള്‍ ശിവശങ്കറിന്റെ റോള്‍ ഞങ്ങള്‍ വ്യക്തമായി സൂചിപ്പിച്ചതാണ്. അന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചു. ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട സെലക്ഷന്‍ നടപടിയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചപ്പോഴും മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ തന്നിലേക്ക് കാര്യങ്ങള്‍ നീങ്ങും എന്ന ഭയം കൊണ്ടാണ് വൈകിയാണെങ്കിലും തന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി മുതിര്‍ന്നത്".
സപ്രിംക്ലര്‍, ബെവ്‌കോ, ഇ- മൊബിലിറ്റി കാര്യത്തില്‍ ശിവശങ്കറിനെ എതിര്‍ക്കുകയോ മാറ്റുകയോ ചെയ്തില്ല. ഞങ്ങളൊക്കെ മന്ത്രിമാരായിരുന്നു. സെക്രട്ടറിയോ പ്രൈവറ്റ് സെക്രട്ടറിയോ ക്രമക്കേട് ചെയ്താല്‍ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. കള്ളക്കടത്ത് കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയില്‍ വന്നു ചേരുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
"തന്റെ ഓഫീസിന്റെ മേല്‍ കുറ്റം ചാര്‍ത്താന്‍ കുറേ പേര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. അഴിമതി പറയുമ്പോള്‍ ഞങ്ങളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി. ഒരു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്തരം അവതാരങ്ങള്‍ എങ്ങനെ വന്നു. വളരെ ഗുരുതരമായ അഴിമതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നടക്കുന്നത്. ഇന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ചനടപടികള്‍ ദുരൂഹമാണ്.എല്ലാം ഞങ്ങള്‍ പുറത്തുകൊണ്ടുവരും.അതുകൊണ്ട് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവെന്ന നിലയില്‍ കത്തെഴുതിയിട്ടുണ്ട്".
മുഖ്യമന്ത്രിയുടെ പ്രൗവറ്റ് സെക്രട്ടറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ധാരാളം ആക്ഷേപങ്ങള്‍ വരുന്നുണ്ട്. ഫ്‌ലാറ്റില്‍ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ടുള്ള സംഭവം മുഖ്യമന്ത്രി എന്തു കൊണ്ട് അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ നേര്‍ക്ക് ഉയര്‍ന്നു വന്ന ഗുരുതരമായ ആരോപണങ്ങള്‍ മറച്ചുവെച്ചത് വലിയ അപരാധമാണ്. കേസ് ശിവശങ്കറിനെ മാറ്റിയതു കൊണ്ട് മാത്രം അവസാനിക്കില്ല. ഇത് കൊള്ളയാണ്. രാജ്യാന്തര ബന്ധമുള്ള കേസാണ്. ഇന്നലെ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറാകാത്തു കൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും ചെന്നിത്തല പറഞ്ഞു .
content highlights: Ramesh Chennithala criticises CM Pinarayi Vijayan On gold smuggling case, demand CBI probe