തിരുവനന്തപുരം: കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽഗാന്ധിയെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ഇന്നലെയും നടത്തിയ പരാമർശങ്ങൾ അനുചിതവും തരംതാണവയുമാണെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്റെ പുതിയ ബന്ധുക്കളായ ബി.ജെ.പി.യെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഈ പരാമർശങ്ങൾ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

'രാഹുൽഗാന്ധി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ വച്ച് ജനങ്ങളോടു സംവദിക്കുകയും കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി ട്രാക്ടർ ഓടിക്കുകയും മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോവുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധി ഇന്ത്യയുടെ മനസ്സറിയുന്ന നേതാവാണ്. അദ്ദേഹം സാധാരണ ജനങ്ങളോട് ഇടപഴകും. അല്ലാതെ ദന്തഗോപുരത്തിൽ അടച്ചിരുന്ന് ടെലിവിഷനിൽ മാത്രം പ്രത്യക്ഷപ്പെടുന്നയാളല്ല.

5. ഡൽഹിയിലെ കർഷകസമരത്തെ പാടെ അവഗണിച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം അത് പറയുന്നതിന് മുമ്പ് സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഒന്ന് ചോദിക്കേണ്ടതായിരുന്നു. കർഷകസമരത്തിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കണ്ട സംഘത്തിൽ യെച്ചൂരിയും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം അവിടെ പിണറായിയുടെ നേതാവ് സ്വീകരിക്കുകയാണ് ചെയ്തത്.

ഡൽഹിയിൽ ഇപ്പോൾ കർഷകർ പ്രക്ഷോഭം നടത്തുന്നതിന് കാരണം കോൺഗ്രസ്സാണെന്ന് വരെ മുഖ്യമന്ത്രി പറഞ്ഞു. എന്തൊരു മോദി ഭക്തിയാണ് പിണറായി പ്രകടിപ്പിക്കുന്നത്? സ്വർണ്ണക്കടത്ത് അട്ടിമറിച്ചുകൊടുത്തതിന്റെ നന്ദിയാണ് പിണറായിയുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്. കേന്ദ്രഏജൻസികളെക്കുറിച്ച് ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി ഇല്ല.

സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് ബി.ജെ.പി അധ്യക്ഷൻ സുരന്ദ്രനും ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. അതാണ് അവരുടെ ഐക്യമെന്നും ചെന്നിത്തല പറഞ്ഞു.