പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല | Photo:Screengrab
തിരുവനന്തപുരം: പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയൻ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയിൽ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച മുൻ വൈദ്യുതമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോൾ അതേ രീതിയിൽ ശിവശങ്കരന്റെ തലയിൽ മുഴുവൻ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കാണുന്നത്.
ശിവശങ്കരൻ വ്യക്തിപരമായി ചെയ്ത കാര്യങ്ങളാണെന്നും ഇതിൽ നിയമപരമായോ, ധാർമികപരമായോ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. 21 തവണ സ്വപ്ന കളളക്കടത്ത് നടത്തിയപ്പോഴും അതിന് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. അതിനർഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നുവെന്നാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സർവാധികാരം ഉപയോഗിച്ചതിന്റെ, ഇത്തരം രാജ്യദ്രോഹ പ്രവർത്തനത്തിന്റെ കടിഞ്ഞാൺ കൈയിലേന്തി പ്രവർത്തിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. നിയമപരമായും ധാർമികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുളള പങ്ക് വ്യക്തമാണ്. സ്വർണക്കടത്തിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാംപ്രതിയായി നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുളള കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ ആരോപണം വസ്തുതാപരമല്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. എല്ലാ ആരോപണങ്ങളും കൃത്യമായ വസ്തുതകളുടെയും ഫയലുകളുടെയും പിൻബലത്തിലാണ് ഉയർത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:Ramesh Chennithala criticises CM Pinarayi Vijayan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..