തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ്മതി എന്ന തീരുമാനം സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിപിഇ കിറ്റുകള്‍ പ്രവാസി സംഘടനകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസി ലോകത്തിന്റെ രോഷവും കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയതെന്നും അത് സമ്മതിക്കാനുള്ള ജാള്യത കൊണ്ടാണ് പിപിഇ കിറ്റിന്റെ കാര്യം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

സര്‍ക്കാര്‍ തുടക്കം മുതല്‍ പ്രവാസികള്‍ വരരുത് എന്ന മനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പറഞ്ഞതെല്ലാം തെറ്റാണ് എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടുള്ളതാണ്. തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട അവധാനത സര്‍ക്കാരിന് പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ 300 മലയാളികളാണ് മരിച്ചത്. നേരത്തെ ആലോചിച്ച് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വന്ദേഭാരത് മിഷനിലെ വിമാനങ്ങള്‍ പോലും കൃത്യമായി ഓപ്പറേറ്റ് ചെയ്യാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. കേന്ദ്രത്തോട് ഇതിന്റെ അപാകതകള്‍ ചണ്ടിക്കാണിക്കുകയോ കുടുതല്‍ ഫ്‌ളൈറ്റുകള്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. ഓരോ രാജ്യത്തും വ്യത്യസ്ത നിയമമാണെന്നും അതാത് രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെയാണ് സര്‍ക്കാര്‍ പ്രവാസികളുടെ കാര്യത്തില്‍ നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്, ട്രൂനാറ്റ് പരിശോധന സംവിധാനം, പ്രത്യേക വിമാനം എന്നിങ്ങനെയുള്ള നിബന്ധനകള്‍ മുന്നോട്ട് വെച്ചത്. ട്രൂനാറ്റ് പരിശോധനയും കോവിഡ് രോഗികള്‍ക്കായി പ്രത്യേക വിമാനം എന്ന നിര്‍ദേശവും കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു.

ഓരോ സമയത്തും സര്‍ക്കാര്‍ നിബന്ധനകള്‍ മാറ്റി പറഞ്ഞത് ബോധപൂര്‍വ്വമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രവാസികള്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല പ്രവാസികള്‍ക്ക് 5000 രൂപ കൊടുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്രപേര്‍ക്ക് കൊടുത്തുവെന്ന് ചോദിച്ചു. ഇതിനായി ഇപ്പോള്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Ramesh Chennithala blames Kerala government for stranded Malayalis