തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു.
4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയാണിത്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയാണിത്. ഒമ്പത് കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സത്യം കുംഭകോണം, വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്പിരിറ്റ് അഴിമതി, നോക്കിയ ഇടപാടിലെ നികുതിവെട്ടിപ്പ് തുടങ്ങിയ കേസുകളില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും സെബി രണ്ടുവര്‍ഷത്തേയ്ക്ക് ഈ കമ്പനിയെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഇരുപതാം ലോ കമ്മീഷന്‍ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായിരുന്ന എ.പി. ഷായുടെ നേതൃത്വത്തിലുള്ള വിസില്‍ ബ്ലോവേഴ്‌സ് ഫോറം 2017ല്‍ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. 2017 മുതല്‍ കേരള സര്‍ക്കാര്‍ ഈ കമ്പനിക്ക് കരാർ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജസ്റ്റിസ് എ.പി. ഷാ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, കെഫോണ്‍ പദ്ധതി എന്നിവയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇലക്ട്രിക് ബസ് ഇടപാടിന് ഇത്തരമൊരു കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാനുവല്‍ പരിപാലിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്തിനാണ് സാമ്രാജ്യത്വ കമ്പനിയോട് താത്പര്യം കാണിക്കുന്നത്. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കണം. ഇടപാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിഞ്ഞിരുന്നോ എന്നും സെബിയുടെ നിരോധനം നിലനില്‍ക്കുന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു. കണ്‍സള്‍ട്ടന്‍സി അടിയന്തിരമായി റദ്ദ് ചെയ്ത്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Content Highlights: Ramesh Chennithala blames Govt for corruption in buying electric buses, e mobility project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..