രമേശ് ചെന്നിത്തല | Photo: Mathrubhumi
കോഴിക്കോട്: നിര്‍മിത ബുദ്ധി ക്യാമറ സ്ഥാപിക്കുന്ന സേഫ് കേരള പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കരാര്‍ കമ്പനിയല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനും കെല്‍ട്രോണിനും ഉത്തരംമുട്ടിയപ്പോഴാണ് എസ്.ആര്‍.ഐ.ടിയെ രംഗത്തിറക്കിയത്. ഞങ്ങളുടെ ചോദ്യം കേരളത്തിലെ മുഖ്യമന്ത്രിയോടാണ്. എസ്.ആര്‍.ഐ.ടിയോടല്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
'സര്‍ക്കാര്‍ തലത്തില്‍ പറയേണ്ട മറുപടി എസ്.ആര്‍.ഐ.ടി. എന്ന കമ്പനിയെക്കൊണ്ട് പറയിക്കുകയാണ് ചെയ്യുന്നത്. എസ്.ആര്‍.ഐ.ടി. ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്തുകയാണ്. പ്രതിപക്ഷനേതാവിനും തനിക്കും രണ്ട് മാധ്യമങ്ങള്‍ക്കുമെതിരായി കേസ് കൊടുക്കും എന്നാണ് അവര്‍ പറയുന്നത്. ഭീഷണിയുടെ സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ദുര്‍ബലമായ മറുപടിയാണ് അവര്‍ വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയത്. അഴിമതി പുറത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാന്‍ സര്‍ക്കാരിന് വേണ്ടി ഏജന്‍സിപ്പണി നടത്തുകയാണ് എസ്.ആര്‍.ഐ.ടി', ചെന്നിത്തല കുറ്റപ്പെടുത്തി.
രേഖകളില്ലാതെ എ.ഐ. ക്യമാറയുമായി ബന്ധപ്പെട്ട് ഒരു അഴിമതി ആരോപണവും താന്‍ ഉന്നയിച്ചിട്ടില്ല. ഇന്നുവരെ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ആരോപണത്തിന് വസ്തുതാപരമായ മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇപ്പോള്‍ എസ്.ആര്‍.ഐ.ടി. ഇറക്കി കളിക്കുകയാണ്. ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്', ചെന്നിത്തല പറഞ്ഞു.
പ്രസാഡിയോ എന്ന കമ്പനിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ആളുകളുമായി ബന്ധമുള്ളവരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നതിന്റെ കാരണം ഇതാണെന്ന് എല്ലാവര്‍ക്കുമറിയാം. കേസ് കൊടുക്കുമെന്ന് പറഞ്ഞ് തങ്ങളെ വെല്ലുവിളിക്കുകയൊന്നും വേണ്ട. എസ്.ആര്‍.ഐ.ടി. കേസ് കൊടുക്കട്ടെ. സ്വാഗതം ചെയ്യുന്നു. എസ്.ആര്‍.ഐ.ടിയുടെ കോടികളുടെ ഇടപാടുകളെ സംബന്ധിച്ച മുഴുവന്‍ രേഖകളും കോടതിയുടേയും പൊതുസമൂഹത്തിന്റേയും മുന്നലെത്തിക്കാനുള്ള അവസരം തനിക്ക് ലഭിക്കും. അതിനാല്‍ കേസ് കൊടുക്കുന്നതിനെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കുറഞ്ഞചെലവില്‍ നടപ്പാക്കേണ്ട പദ്ധതിയില്‍ ഉയര്‍ന്ന തുക ഈടാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ എസ്.ആര്‍.ഐ.ടി. വിശദീകരിച്ചിരുന്നു. 138 കോടിരൂപയാണ് പദ്ധതിക്ക് വരുന്ന ചെലവ്. 151 കോടിക്കാണ് കരാര്‍. 13 കോടിയാണ് ലാഭം. പദ്ധതി പൂര്‍ത്തിയാക്കിയിട്ടും സര്‍ക്കാരിന്റെ അംഗീകാരം നേടുന്നതിന് 13 മാസം വൈകിയതിനാല്‍ പലിശയിനത്തില്‍ 12 കോടിയോളം രൂപ അധികമായിവന്നുവെന്നും കമ്പനി സി.ഇ.ഒ. മധുനമ്പ്യാര്‍, ഡയറക്ടര്‍ മാര്‍ട്ടിന്‍ എന്നിവര്‍ വിശദീകരിച്ചു.
എസ്.ആര്‍.ഐ.ടി. യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തുവെന്ന ആരോപണവും കമ്പനി നിഷേധിച്ചിരുന്നു. പ്രകാശ് ബാബു എന്ന വ്യക്തിയെ അറിയില്ല. രാംജിത്തുമായാണ് പ്രസാഡിയോയുമായുള്ള ബന്ധമെന്നും കമ്പനി അറിയിച്ചിരുന്നു.
Content Highlights: ramesh chennithala ai camera srit cm pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..