രമേശ് ചെന്നിത്തല |ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് പരിഹസിച്ചത് മുഖ്യമന്ത്രിയുടെ ജാള്യത മറയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍ പട്ടികയില്‍ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പു വരുത്തുമെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു.
വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ സന്തോഷമെന്നും ചെന്നിത്തല പറഞ്ഞു. ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍കോട്ടെ ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട കാര്യം താന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയപ്പോള്‍, 'അവര്‍ കോണ്‍ഗ്രസുകാരിയാണ്, രമേശ് ചെന്നിത്തല വെട്ടിലായി' എന്നാണ് ചില മാദ്ധ്യമങ്ങള്‍ പോലും പരിഹസിച്ചത്. മുഖ്യമന്ത്രിയും ആ പരിഹാസം ഏറ്റെടുത്തിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പരാതി ശരിയാണെന്ന് തെളിയുകയും ഉത്തരവാദിയായ അസിസ്റ്റന്റ് ഇലക്ട്രറല്‍ ഓഫീസറെ സസ്പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടാക്കുന്നതും കൃത്രിമം നടത്തുന്നതും ആ വോട്ടര്‍ അറിയാതെയാകാമെന്ന് തുടക്കം മുതല്‍ താന്‍ ചൂണ്ടികാണിച്ചതാണ്. അതും ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഭരണസംവിധാനം വഴിയാണ് ഈ ക്രമക്കേട് നടന്നത്. അത് ചൂണ്ടിക്കാട്ടിയതിന് പരിഹസിച്ചത് മുഖ്യമന്ത്രിയുടെ ജാള്യത മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights: Ramesh Chennithala against pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..