തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതോടു കൂടി സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തത് മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി മന്ത്രിസഭായോഗം പോലും വിളിക്കാനാകാതെ നോക്കി കുത്തിയായി നില്‍ക്കുകയാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യു വകുപ്പ് പൂര്‍ണ പരാജയം ആണെന്ന് ഒന്നു കൂടി തെളിയിച്ചു. ദുരന്തത്തില്‍ പെട്ടവരെ പോലും ധന സഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്. ഇത് ഗൗരവമേറിയ വിഷയമാണ്.
ഇപ്പോള്‍ ഉദ്യേഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്. ഇതൊന്നും ശരിയല്ല.എല്ലാവരും കയ്യയച്ചു സഹായിക്കുന്നു. ജീവനക്കാര്‍ അവരുടെ മൂന്ന് ദിവസത്തെ ശമ്പളവും ഉല്‍സവ ബത്തയും സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷെ ഭീഷണിപ്പിരിവ് അംഗീകരിക്കാന്‍ കഴിയില്ല. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ മന്ത്രിമാരും, മുതിര്‍ന്ന ഉദ്യേഗസ്ഥരും ചേര്‍ന്ന് എല്ലാം ശരിയാക്കിത്തുടങ്ങിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.