രമേശ് ചെന്നിത്തല | ഫോട്ടോ: അജിത്ത് പനച്ചിക്കൽ|മാതൃഭൂമി
തിരുവനന്തപുരം: മാണിസാറിനെതിരേ നീച പ്രചാരണങ്ങളെല്ലാം ഉണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ നിന്നത് യു ഡി എഫ് ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫിന്റെ എം എല്‍ എമാരും പ്രവര്‍ത്തകരും നെഞ്ച് കൊടുത്താണ് അദ്ദേഹത്തെ സംരക്ഷിച്ചത്. മാണിസാറിന് ദീര്‍ഘകാലം അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ തോല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകള്‍ കൊണ്ടാണ് പാല പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ മാണിസാര്‍ ബജറ്റ് അവതരിപ്പിച്ചത്. അന്ന് ബജറ്റ് അവതരിപ്പിക്കാതിരിക്കാനായി ഇടതുമുന്നണി കാണിച്ച വിക്രിയകള്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. മാണിസാറിനെ തടഞ്ഞു. സ്പീക്കറുടെ വേദി മറിച്ച് ഇടുകയും അവിടെ ഉണ്ടായിരുന്ന മുഴുവന്‍ ഉപകരണങ്ങളും തകര്‍ത്തു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും തരംതാഴ്ന്ന നടപടിയായി അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി കാഴ്ച വെച്ചത്. എന്നാല്‍ നിയമസഭയില്‍ അവരെ അവഹേളിച്ചുവെന്നാണ് ഇന്ന് ജോസ് കെ മാണി പറയുന്നത്. അത് കേട്ടപ്പോള്‍ കൗതുകമാണ് തോന്നിയത്. നിയമസഭയില്‍ ആര് ആരെയാണ് അപമാനിച്ചത്. ധനകാര്യമന്ത്രിയായ മാണിസാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് അനുവദിക്കാതെ അദ്ദേഹത്തെ അപമാനിച്ചത് ഇടതുമുന്നണിയല്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആ അപമാനവും അതിന്റെ വേദനയും മാണിസാറിന് എന്നും ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം.
ഏതാനും മാസത്തെ ഒരു ജില്ലാപഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം യു ഡി എഫിനൊപ്പം നിന്ന മാണിസാറിനെയും അദ്ദേഹത്തിന്റെ സ്മരണകളേയും വഞ്ചിച്ചുകൊണ്ടാണ് എല്‍ ഡി എഫിലേക്ക് ചേക്കാറാനുള്ള തീരുമാനം എടുത്തത്. ഇതിലൂടെ ഇടതുമുന്നണിയുടേയും യഥാര്‍ഥ രാഷ്ട്രീയം പുറത്ത് വരുകയാണ്. ഒരു ഭാഗത്ത് ജോസ് കെ മാണി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പാപ്പരത്തം പുറത്ത് വരുന്നതുപോലെ തന്നെ ഇക്കാലമത്രയും കെ എം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരേ സമരം ചെയ്യുകയും ചെയ്തവര്‍ക്ക് ഇപ്പോള്‍ ഉണ്ടായ സ്നേഹം കപട രാഷ്ട്രീയമല്ലാതെ മറ്റ് എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഈ കാപട്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയില്ലേ. ജോസ് കെ മാണിയെ മുഖ്യമന്ത്രി മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത് കണ്ടു. ഇതേ മുഖ്യമന്ത്രിയും ഇതേ ഇടതുമുന്നണിയുമല്ലേ അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിച്ചത്. ഇതോടെ ഇടത്പക്ഷത്തിന്റെ രാഷ്ട്രീയത്തിന്റെ കാപട്യം കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്തിരിക്കുകയാണ്.
രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാല് അല്ല. അത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ ഇടതുമുന്നണിയേയും ജോസ് കെ മാണിയേയും ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാണിസാറിനെതിരേ നീച പ്രചാരണങ്ങളെല്ലാം ഉണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ നിന്നത് യു ഡി എഫ് ആയിരുന്നു. യു ഡി എഫിന്റെ എം എല്‍ എമാരും പ്രവര്‍ത്തകരും നെഞ്ച് കൊടുത്താണ് അദ്ദേഹത്തെ സംരക്ഷിച്ചത്. മാണിസാറിന് ദീര്‍ഘകാലം അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ തോല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകള്‍ കൊണ്ടാണ് പാലായിൽ പരാജയപ്പെട്ടത്. ആ തിരഞ്ഞെടുപ്പില്‍ തര്‍ക്കം ഒഴിവാക്കാനും ഐക്യം തിരികെ കൊണ്ടുവരുവാനും യു ഡി എഫ് കിണഞ്ഞ് ശ്രമിച്ചു. എന്നാല്‍ ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകളായിരുന്നു പാലയിലെ പരാജയത്തിന് കാരണം.
എന്തിന് വേണ്ടിയാണ് തന്റെ പിതാവിനേയും കൂട്ടരേയും അധിക്ഷേപിച്ച ഇടതുമുന്നണിയിലേക്ക് രാഷ്ട്രീയ അഭയം തേടി പോകുന്നത്. കേരളത്തിലെ യു ഡി എഫ് സ്ഥാപക നേതാക്കളെ പോലെയാണ് കെ എം മാണി. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചത്. കോട്ടയത്ത് കോണ്‍ഗ്രസിന് സ്ഥാനം നല്‍കേണ്ടി വന്ന സാഹചര്യത്തില്‍ ഇടതുമുന്നണിയുമായി കൂട്ടുകൂടിയത് മറക്കരുത്. ഇടതുമുന്നണിയുമായി ബന്ധംകൂടാന് സ്വപ്നം കണ്ടവരാണ് ഇപ്പോള്‍ ഇത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മാണിസാര്‍ തിരികെ വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പാര്‍ട്ടിയില്‍ പലപ്രശ്നങ്ങളും ഉണ്ടായി. അത് പരിഹരിക്കുന്നതിനായി യു ഡി എഫ് കിണഞ്ഞ് പരിശ്രമിക്കുകയുണ്ടായി. കുഞ്ഞാലിക്കുട്ടി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രനടക്കം ഓരോ ഘട്ടത്തിലും ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അവസാനമാണ് ഒരു ധാരണയുണ്ടാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തില്‍ ബാക്കിയുള്ള പതിനാല് മാസത്തില്‍ എട്ട് മാസത്തില്‍ ജോസ് വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് യുഡിഎഫ് നേതൃത്വം ഇടപെട്ട് ധാരണയായത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും വിട്ട് നല്കാന് ജോസ് വിഭാഗം തയാറായില്ല.
മുന്നണി രാഷ്ട്രീയത്തില്‍ വേണ്ടത് പരസ്പര സഹകരണവും സത്യസന്ധതയും വാക്ക് പാലിക്കാനുള്ള സന്നദ്ധതയും അച്ചടക്കവുമാണ്. അതാണ് ഒരുമുന്നണിയുടെ ധര്‍മം. എന്നാല്‍ ഈ അടിസ്ഥാനകാര്യങ്ങള്‍ പാലിക്കുന്നതില്‍ ജോസ് കെ മാണി വിഭാഗത്തിന് വീഴ്ചയുണ്ടായി. എന്നാല്‍ രാഷ്ട്രീയ മാന്യതയുള്ള തീരുമാനമെടുക്കുമെന്ന് കരുതി യുഡിഎഫ് വീണ്ടും കാത്തിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് മുന്നണി യോഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. എന്നാല്‍ അത് യു ഡി എഫില്‍ നിന്ന് പുറത്താക്കുകയല്ല ചെയ്തത്. എന്നാല്‍ സന്ദര്‍ഭത്തിനൊത്ത് ഉയരാനോ തെറ്റ് തിരുത്താനോ തയാറാകാതെ മുന്നണിയെ വെല്ലുവിളിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെതിരേ ഞങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അത് യു ഡി എഫ് നേതൃത്വം ആലോചിച്ചാണ്. എന്നാല്‍ യു ഡി എഫിന്റെ വോട്ട് വാങ്ങി എം എല്‍ എമാരായി അധികാരത്തില്‍ വന്ന ആളുകള്‍ യോഗത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയും അതിലൂടെ എല്‍ ഡി എഫിനെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് സ്ഥാനാര്‍ഥിയുണ്ടായിരുന്നു. ജോസ് വിഭാഗത്തിലെ രണ്ട് എം എല്‍ എമാര്‍ക്കും വിപ്പ് നല്കി. എന്നിട്ടും ഞങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Ramesh Chennithala against LDF and Jose K Mani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..