രമേശ് ചെന്നിത്തല | Photo: Mathrubhumi
തിരുവനന്തപുരം: ലോക കേരളസഭകൊണ്ട് സാധാരണ പ്രവാസികള്‍ക്കും കേരളീയര്‍ക്കും ഒരു ഗുണവും ഉണ്ടാവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ് സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്നത്. ആളുകള്‍ വൈകിട്ട് പോയിരിക്കുന്ന ടൈംസ് സ്‌ക്വയറില്‍ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാല്‍, എന്താണ് നടക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
ലോക കേരളസഭ ധൂര്‍ത്താണെന്നും വരേണ്യവര്‍ഗത്തിനുവേണ്ടിയുള്ള ഏര്‍പ്പാടാണെന്നും മനസിലാക്കിയതോടെയാണ് കഴിഞ്ഞ രണ്ടുവര്‍ഷവും പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രി അമേരിക്കയില്‍ പോകുമ്പോള്‍ അദ്ദേഹത്തെ കാണണമെങ്കില്‍ പണം കൊടുക്കണമെന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്? കേരളത്തിലെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കില്‍ പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് ഏര്‍പ്പാടാണ്? കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കണമെങ്കില്‍ പണം കൊടുക്കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത ഏര്‍പ്പാടാണെന്നും ചെന്നിത്തല പറഞ്ഞു.
പൂച്ച പാലുകുടിക്കുന്നതുപോലെ ഒന്നും അറിയാതെ തട്ടിപ്പും വെട്ടിപ്പും നടത്തുന്നു. അത് കണ്ടുപിടിച്ചതിന്റെ പ്രതിഷേധമാണ് എ.കെ. ബാലന്. ഈ ലോക കേരളസഭകൊണ്ട് പ്രവാസി ലോകത്തിന് എന്ത് പ്രയോജനമുണ്ടാകുന്നു? മുഖ്യമന്ത്രി ഇത്രയും നാള്‍ നടത്തിയ വിദേശയാത്രകൊണ്ട് കേരളത്തിന് എന്ത് ഗുണമുണ്ടായി? ധനികരായ, വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന പ്രാദേശിക സമ്മേളനം കൊണ്ടൊന്നും സാധാരണപ്രവാസികള്‍ക്കും കേരളീയര്‍ക്കും ഒരു ഗുണവും ഉണ്ടാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'സ്‌പോണ്‍സര്‍ഷിപ്പ് ഓമനപ്പേരാണ്. ബക്കറ്റ് പിരിവിന്റെ റിഫൈന്‍ഡ് ഫോമാണ് സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്നത്. ഇങ്ങനെ പണംപിരിച്ച് ധൂര്‍ത്തടിക്കാന്‍ ആര് അനുവാദം കൊടുത്തു? ടൈംസ് സ്‌ക്വയറിൽ വൈകുന്നേരം എല്ലാവരും പോകുന്നതാണ്. അവിടെ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാല്‍, ഇവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇതെല്ലാം ധൂര്‍ത്തും അഴിമതിയും മാത്രമാണ്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് നാട്ടുകാരുടെ കൈയില്‍നിന്ന് പണം പിരിച്ച് പരിപാടി നടത്തുമ്പോള്‍ എന്ത് പ്രയോജനമാണ് ഉണ്ടാവുന്നത്? ഒരു പ്രയോജനവുമില്ലെന്നതാണ് അടിസ്ഥാനപരമായി മനസിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി ഇതില്‍നിന്ന് പിന്മാറണം. സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണം. മുഖ്യമന്ത്രി അറിയാതെ ബ്രോഷര്‍ ഇറക്കില്ലല്ലോ? ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തിരുന്ന് ഒരുപാട് ധൂര്‍ത്ത് നടത്തിയ ആളാണ്. നോര്‍ക്കകൂടി കിട്ടിയപ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലെ പിരിവുകൂടി തുടങ്ങിയിരിക്കുകയാണ്. ഇതൊക്കെ തെറ്റായ നടപടിയാണ്', രമേശ് ചെന്നിത്തല പറഞ്ഞു.
ഷോക്ക് ആര്‍ക്കാണ് അടിപ്പിക്കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും, പ്രതിപക്ഷ നേതാവിനെ ഷോക്കടിപ്പിക്കണെമെന്ന എ.കെ. ബാലന്റെ പരാമര്‍ശത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Content Highlights: Ramesh Chennithala against kerala government on loka kerala sabha sponsorship controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..