രമേശ് ചെന്നിത്തല, എ.ഐ. ക്യാമറ | Photo: Mathrubhumi
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സേഫ് കേരള പദ്ധതിയില്‍ സ്ഥാപിച്ച എ.ഐ. ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അവര്‍ അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണിന്റെ വിശ്വാസ്വത തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.
'കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളക്ക് കൂട്ടുനില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നത്,' ചെന്നിത്തല പറഞ്ഞു.
കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒന്‍പത് ലക്ഷമാണെന്നാണ്. ഒരുലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് ആളുകള്‍ക്കെല്ലാം മനസ്സിലായിട്ടും കെല്‍ട്രോണ്‍ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരു തവണ താന്‍ ഉന്നയിച്ച ആരോപണം ചോദ്യംചെയ്ത നാരായണമൂര്‍ത്തി രേഖകള്‍ സഹിതം മുപടി നല്‍കിയിട്ട് പിന്നീട് ഇതുവരെ വായ തുറന്നിട്ടില്ല. ഇനിയും ഈ തീവെട്ടി കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെങ്കില്‍ ശിവശങ്കറിന്റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിന് വരികയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
'സ്‌കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ വിവാദക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണ് സര്‍ക്കാരെങ്കില്‍ ശക്തമായി നേരിടും. സര്‍ക്കാരിന്റെ നീക്കത്തെ ആശങ്കയോടെയാണ് ജനം കാന്നുന്നത്. സ്‌കൂള്‍ തുറക്കാറായിട്ടും റോഡിലെ കുണ്ടും കുഴിയും ദിവസേന കൂടുമ്പോഴും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാതെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: ramesh chennithala against keltron chairman narayana moorthy safe kerala ai camera rti reply
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..