രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിൽ നിന്ന് (ഫയൽ ചിത്രം)
കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയ രാഘവനും കെ.സുരേന്ദ്രനും പറയുന്നത് ഒരേ കാര്യമാണെന്നും രണ്ട് കൂട്ടരും മുസ്ലീം ലീഗിനേയും അതുവഴി മതന്യൂനപക്ഷങ്ങളേയും കടന്നാക്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ആവര്‍ത്തനം തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ രണ്ടും പേരും മിണ്ടെണ്ടന്ന് തീരുമാനിച്ചിരിക്കുന്നു. സിപിഎമ്മിന്റേയും ബിജെപിയുടേയും ഒത്തുകളിയുടെ ഭാഗമാണിത്. ഇരുവരുടേയും പുതിയ കൂട്ടുകെട്ടിന് തടസം നില്‍ക്കുന്നത് കൊണ്ടാണ് ശബരിമലയുടെ കാര്യം മിണ്ടാത്തത്. ശബരിമലയില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ഉത്തരവാദി സിപിഎമ്മും അവിടം കലാപഭൂമിയാക്കാനുള്ള ബിജെപിയുടെ ശ്രമവും കേരളത്തിലെ ജനങ്ങള്‍ കണ്ടിട്ടുള്ളതാണ്.
സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന റിവ്യൂ ഹര്‍ജി വേഗത്തില്‍ എടുത്ത് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്ന് ചെന്നിത്തല ചോദിച്ചു. "യു.ഡി.എഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം മാറ്റികൊടുത്ത നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ. പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകുമോ. അതിന് സംസ്ഥാനത്തെ ബിജെപി നേതൃത്വം മുന്‍കൈ എടുക്കുമോ. നിയമം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല." - അദ്ദേഹം ചേദിച്ചു.
ശബരിമലയില്‍ എടുത്ത പഴയ നിലപാട് തെറ്റായിപ്പോയി എന്ന് പറഞ്ഞ സി.പി.എം എന്തുകൊണ്ട് സത്യവാങ്മൂലം മാറ്റിക്കൊടുക്കുന്നില്ല. അപ്പോള്‍ ആത്മാര്‍ത്ഥയില്ലാത്ത നിലപാടാണ് സിപിഎം നേതൃത്വത്തിന്. ബിജെപിയെ ശക്തിപ്പെടുത്തുക, അതുവഴി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തും.
മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വര്‍ഗീയ കാര്‍ഡ് കളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഉമ്മന്‍ ചാണ്ടിയും താനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുന്നതില്‍ എന്ത് മതമൗലിക വാദമാണുയരുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ, വര്‍ഗീയതില്‍ അഭയം തേടുന്ന മുഖ്യമന്ത്രിയേയും ഭരണകൂടത്തേയുമാണ് കാണുന്നത്.
വര്‍ഗീയ ധ്രുവീകരണത്തിനും മതങ്ങളെ തമ്മിലടിപ്പിക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പില്‍ നാല് വോട്ട് കിട്ടാന്‍ മതവിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള നീക്കം ആപത്കരമാണ്. അതില്‍ നിന്ന് പാര്‍ട്ടിയും ഗവണ്‍മെന്റും പിന്തിരിയണം. കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നത് ലീഗാണോ എന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സാമാന്യ ബുദ്ധിക്ക് നിരക്കന്നതാണോ. ബിജെപിയുമായി ഉണ്ടായിരിക്കുന്ന രഹസ്യ ധാരണയാണ് മുഖ്യമന്ത്രിയേക്കാണ്ട് ഇത് പറയിക്കുന്നത്. ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ആവര്‍ത്തനം ഉണ്ടാകാന്‍ പോകുന്നുവെന്നും ഇരുകൂട്ടരും ആഗ്രഹിക്കന്നത് യുഡിഎഫിന്റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Ramesh Chennithala against BJP and CPM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..