ജോബി ജോർജിന് രാമപുരം പോലീസ് സ്‌റ്റേഷനിൽ ഔദ്യോഗിക ബഹുമതി നൽകി ആദരിക്കുന്നു
രാമപുരം: ചീട്ടുകളിക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് ഓഫീസറുടെ ജീവന്‍ പൊലിഞ്ഞത് രാമപുരത്തിന് നൊമ്പരമായി. രണ്ടുവര്‍ഷം മുമ്പാണ് ജോബി ജോര്‍ജ് രാമപുരം സ്റ്റേഷനിലെത്തിയത്.സംഭവം അറിഞ്ഞ് രാവിലെ മുതല്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സ്റ്റേഷനിലെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക്, പാലാ ഡിവൈ.എസ്.പി. എ.ജെ.തോമസ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. അപകടത്തിനിടയില്‍ ചീട്ടുകളിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ എസ്.എച്ച്.ഒ. കെ.പി.തോംസണാണ് അന്വേഷണച്ചുമതല.
നാട്ടുകാര്‍ ഭീതിയില്‍
രാമപുരം ടൗണിലും പരിസര പ്രദേശങ്ങളിലും ലഹരി സംഘങ്ങളുടെ വിളയാട്ടംമൂലം നാട്ടുകാര്‍ ഭീതിയില്‍. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മദ്യപാനവും ലഹരി ഉപയോഗവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞദിവസം അന്യസംസ്ഥാന തൊഴിലാളികളുടെ ചീട്ടുകളിയും ബഹളവും നിയന്ത്രിക്കാനാണ് ഗ്രേഡ് എസ്.ഐ.ആയ ജോബി ജോര്‍ജ് എത്തിയതും ദുരന്തത്തിനിരയായതും. രാത്രിയില്‍ ലഹരി ഉപയോഗിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അസഭ്യവര്‍ഷവും തമ്മിലടിയും നടത്താറുണ്ട്. പോലീസും നാട്ടുകാരും ഇടപെട്ടാണ് പലപ്പോഴും ഇവരെ പിരിച്ചുവിടുന്നത്. അര്‍ധരാത്രി കഴിഞ്ഞും ഇവര്‍ രാമപുരം ബസ്സ്റ്റാന്‍ഡില്‍ തമ്പടിക്കാറുണ്ട്. മദ്യത്തിനും പാന്‍മസാലകള്‍ക്കും പുറമേ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് സ്റ്റാന്‍ഡും പരിസരവുമാണ് ഇവരുടെ താവളം. ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പത്തിരട്ടി വിലയ്ക്കാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രഹസ്യമായി വില്‍ക്കുന്നത്.
കെട്ടിടത്തിന്റെ താഴേക്ക് പതിച്ച ജോബി സാറിനെ കോരിയെടുത്ത് പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും പ്രതീക്ഷകളുണ്ടായിരുന്നു''. ചീട്ടുകളിക്കുന്നവരെ പിടികൂടാനെത്തിയപ്പോള്‍ മൂന്നുനില കെട്ടിടത്തിന്റെ താഴേക്ക് പതിച്ച് മരിച്ച എസ്.ഐ. ജോബി ജോര്‍ജിനൊപ്പമുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ വിനീത് രാജ് ഓര്‍മിക്കുകയാണ് ആ ദുരന്തനിമിഷങ്ങള്‍.
''രാത്രി പട്രോളിങ്ങിന് പോകാന്‍ തയ്യാറാകുമ്പോഴാണ് ഇതരസംസ്ഥാന തൊഴിലാളികളിലൊരാള്‍ ചീട്ടുകളി വിവരം പറയുന്നത്. പോലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിേലക്ക് ആദ്യം കയറിയത് ജോബി സാറായിരുന്നു. പിന്നാലെ ഞാനും. പലതവണ മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതിലില്‍ ചവിട്ടിയ ജോബി നിയന്ത്രണംതെറ്റി താഴേക്കുപതിച്ച നിമിഷങ്ങള്‍ ഞെട്ടലോടെയെ ഓര്‍മിക്കാന്‍ സാധിക്കൂ.''-വിനീത് രാജ് പറയുന്നു.
''താഴേക്ക് ഓടിയെത്തുമ്പോള്‍ കൂരിരുട്ടായിരുന്നു. ടോര്‍ച്ച് തെളിച്ച് സാറിനെ കണ്ടെത്തിയപ്പോള്‍ ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. പേര് വിളിച്ചപ്പോള്‍ മൂളി. സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു പറഞ്ഞപ്പോള്‍ എസ്.എച്ച്.ഒ. എം.എസ്. ജിഷ്ണുവും ഒരു പോലീസുകാരനും ഓടിയെത്തി. പോലീസ് വാഹനത്തില്‍ പിടിച്ചുകയറ്റുമ്പോള്‍ കൈയ്ക്കും തലയ്ക്കും വേദനയുണ്ടെന്ന് ജോബി സാര്‍ പറഞ്ഞു.
പോലീസ് വാഹനത്തില്‍ പോകുമ്പോള്‍ സംസാരിച്ചിരുന്നു. പാലാ ജനറലാശുപത്രിയില്‍ എത്തിച്ചശേഷം ആംബുലന്‍സില്‍ ചേര്‍പ്പുങ്കലിലെ സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നമുക്ക് സ്റ്റേഷനിലേക്ക് പോകാമെന്ന് അദ്ദേഹംപറഞ്ഞു. ആശുപത്രിയിലെത്തിയശേഷവും നിരവധി തവണ സംസാരിച്ചിരുന്നു. ഇത്രയ്ക്ക് കരുത്തോടെ വേദനകളെ കടിച്ചമര്‍ത്തി നേരിട്ട ജോബിസാര്‍ ജീവിതത്തിലേക്ക് തിരികെവരുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നു.
മൂന്നാംനിലയില്‍നിന്ന് വീണെങ്കിലും ശരീരത്തില്‍ കാര്യമായ മുറിവുകള്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍കിടക്കുമ്പോള്‍ ശരീരത്തില്‍ വേദനയുണ്ടെന്ന് പറഞ്ഞു. കൈ ശരിയായി കട്ടിലില്‍ വെയ്ക്കുവാനും നിര്‍ദേശിച്ചു.''
ചുവരില്‍ എന്നും മാര്‍ഗദര്‍ശിയായ അച്ഛന്റെ ചിത്രം. അതിന് തൊട്ടടുത്തേക്കാണ് ജോബി ജോര്‍ജിന്റെ മൃതദേഹം വീടിനുള്ളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കിടത്തിയത്.
സര്‍വീസിലിരിക്കെ മരിച്ച സി.ബി.സി.ഐ.ഡി.പോലീസ് ഓഫീസറായിരുന്നു വി.വി. ജോര്‍ജ്. അച്ഛനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥനാകാന്‍ മോഹിച്ച ജോബി 1993-ല്‍ 18-ാം വയസ്സ് പിന്നിട്ടപ്പോഴേക്കും പി.എസ്.സി.പരീക്ഷയെഴുതി കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറിയതാണ്. 1999-ലാണ് ജോര്‍ജിന്റെ മരണം.
ജോലി ചെയ്യുന്നിടത്ത് ഏറ്റവും മികച്ചയാളാവണം എന്ന് നിര്‍ബന്ധം പുലര്‍ത്തിയിരുന്ന ജോര്‍ജിന്റെ അതേ പാതയിലായിരുന്നു ജോബിയും. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിലും ജോലിചെയ്ത ഇദ്ദേഹത്തിന്റെ രീതി സഹപ്രവര്‍ത്തകരുടെയെല്ലാം ആദരവ് നേടിയിരുന്നു.
നിയമത്തിന്റെ ഓരോ വകുപ്പും കൃത്യമായി മനസ്സിലാക്കി എങ്ങനെ കേസെഴുതണമെന്ന് സഹപ്രവര്‍ത്തകര്‍ സംശയം തീര്‍ത്തിരുന്നത് പലപ്പോഴും ജോബിയില്‍ നിന്നായിരുന്നു. അതിനാല്‍ പുതിയ തലമുറയിലെ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ ഇടയില്‍ ആശാനെന്നായിരുന്നു വിളിപ്പേര്. ഒരുസംഭവം കേട്ടാന്‍ ഉടനടി ഉണര്‍ന്നുപ്രവര്‍ത്തിക്കുകയെന്ന രീതിയുള്ളതിനാലാണ് അര്‍ധരാത്രി ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ധൈര്യപൂര്‍വം ഇറങ്ങിച്ചെന്നത്. കര്‍ത്തവ്യ നിര്‍വഹണത്തിലെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം തന്നെ ജോബിയുടെ വേര്‍പാടിനും ഇടയാക്കി.
പൊന്‍കുന്നം 20-ാം മൈല്‍ കടുക്കാമലയിലെ കൊച്ചുവീട്ടിലായിരുന്നു ജോബി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
പുതിയൊരു വീടുവെയ്ക്കാന്‍ ജില്ലാപോലീസ് മേധാവിയുടെ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ ജ്യേഷ്ഠന്‍ ജോര്‍ട്ടി ജോര്‍ജിന്റെ വീടിനോട് ചേര്‍ന്ന് സ്ഥലം വാങ്ങിയിരുന്നു. ജോബിയുടെ അന്ത്യയാത്ര സഹോദരന്‍ ജോളി ജോര്‍ജ് താമസിക്കുന്ന വാഴേപ്പറമ്പില്‍ കുടുംബവീട്ടില്‍ നിന്നുതന്നെയാവട്ടെ എന്ന് സഹോദരങ്ങളായ ജോര്‍ട്ടിയും ജോളിയും തീരുമാനിക്കുകയായിരുന്നു. ഈ മാസം നാലിന് യു.കെ.യിലേക്ക് പോയ ജോളി തിങ്കളാഴ്ച വൈകീട്ട് മടങ്ങിയെത്തി. ജോബിക്കൊപ്പം ഉണ്ടായിരുന്ന സി.പി.ഒ. വിനീത് രാജ് ആ നിമിഷങ്ങള്‍ ഓര്‍ക്കുന്നു...മാഞ്ഞൂ തിരിനാളം...
രാമപുരം കണ്ണീരോടെ
രാമപുരം : ജോലിക്കിടെ കെട്ടിടത്തില്‍നിന്നുവീണ് മരിച്ച രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോബി ജോര്‍ജിന് രാമപുരത്തെ ജനങ്ങളും സഹപ്രവര്‍ത്തകരും കണ്ണീരോടെ വിടചൊല്ലി. മൃതദേഹം രണ്ടോടെ രാമപുരം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും അന്ത്യാഭിവാദ്യങ്ങളര്‍പ്പിച്ചു. ഒരു മണിക്കൂറോളം രാമപുരം പോലീസ് സ്റ്റേഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനുവെച്ചു. രാമപുരം പോലീസ് ഔദ്യോഗിക ബഹുമതി നല്‍കി ആദരിച്ചു. പാലാ ഡിവൈ.എസ്.പി. എ.ജെ. തോമസ്, രാമപുരം എസ്.എച്ച്.ഒ. എം.എസ്. ജിഷ്ണു എന്നിവര്‍ നേതൃത്വംനല്‍കി. മന്ത്രി റോഷി അഗസ്റ്റിന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ., മാണി സി.കാപ്പന്‍ എം.എല്‍.എ.യ്ക്കു വേണ്ടി ഭാര്യ ആലീസ് കാപ്പന്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പൊതു പ്രവര്‍ത്തകരായ ടോബിന്‍ കെ.അലക്‌സ്, സണ്ണി പൊരുന്നക്കോട്ട്, റോബി ഊടുപുഴ, ബൈജു പുതിയിടത്തുചാലില്‍, സജി മഞ്ഞക്കടമ്പില്‍, ഷൈനി സന്തോഷ്, സി.ടി.രാജന്‍, മാത്തച്ചന്‍ പുതിയിടത്തുചാലില്‍, എം.ടി. ജന്റീഷ്, എം.പി. കൃഷ്ണന്‍ നായര്‍ എന്നിവരും അനുശോചനമറിയിക്കുവാന്‍ എത്തി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം രാമപുരത്തെത്തിച്ചത്. പിന്നീട് പൊന്‍കുന്നത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി.
Content Highlights: ramapuram police officer jobby george death, kerala police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..