കോഴിക്കോട്: രാമനാട്ടുകര ഇന്നുപുലര്‍ച്ചെയുണ്ടായ വാഹനാപകടം എത്തിനില്‍ക്കുന്നത് സ്വര്‍ണക്കടത്തില്‍. വാഹനാപകടവുമായി ബന്ധപ്പെട്ട് ഐപിസി 399 പ്രകാരമുളള കൊളളശ്രമവും ഉള്‍പ്പെടുത്തി എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കേസില്‍ കസ്റ്റംസ് അന്വേഷണവും നടത്തുന്നുണ്ട്. ഫറോക്ക് പോലീസ് സ്‌റ്റേഷനിലെത്തിയാണ് കസ്റ്റംസ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.

അപകടത്തില്‍മരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവര്‍ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരാദ്യം നല്‍കിയിരുന്ന മൊഴി.

പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങള്‍ അപകടസ്ഥലത്ത് എത്തിയതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ ആരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. 

കൊളള നടത്താനുളള ശ്രമം തടയുന്നതിനായുളള വകുപ്പാണ് ഐപിസി 399. കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ഇവര്‍ കൊളള നടത്താനാണ് ശ്രമിച്ചത് എന്ന രീതിയില്‍ കേസെടുത്തിരിക്കുന്നത്. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.