കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാക്കേസിലെ സൂത്രധാരനെന്ന് കരുതുന്ന സൂഫിയാന്റെ ഫോട്ടോ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാന്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരത്തേയും പ്രതിയാണ്. ഇയാള്‍ക്കെതിരെ കോഫെപോസ നിലനില്‍ക്കുന്നുണ്ട്. സ്വര്‍ണക്കടത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്. 

സൂഫിയാന്‍ നേരത്തെ രണ്ട് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആര്‍ഐയും ബാംഗ്ലൂര്‍ റവന്യൂ ഇന്റലിന്‍ജന്‍സും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുണ്ട്. 

ബാംഗ്ലൂരില്‍ 11 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സൂഫിയാന്‍ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് ഓമശ്ശേരിക്കടുത്ത് സ്വര്‍ണം ഉരുക്കിയ കേസിലും സൂഫിയാന്‍ പ്രതിയായിരുന്നു. 2018ഓടെയാണ് സൂഫിയാന്‍ ദുബായിയില്‍ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്.

കോഫെപോസ നിലനില്‍ക്കുന്നതില്‍ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്കെത്തിയത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലും സൂഫിയാനാണ് പ്രധാന സൂത്രധാരനെന്നാണ് പോലീസ് സംശയിക്കുന്നത്.

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലും സ്വര്‍ണക്കടത്ത് സംഘത്തെ നയിച്ചത് സൂഫിയാനാണെന്നാണ് പോലീസ് നിഗമനം.