പാലക്കാട്: കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച അപകടത്തില്‍പ്പെട്ട സംഘത്തിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍. ഈ സംഘം 2019-ല്‍ തന്നെ മര്‍ദിച്ച് രണ്ടു കാറുകള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് യുവാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

വാഹനമോഷണം, ഭീഷണി, മര്‍ദനം എന്നിവ ഇവരുടെ സ്ഥിരം പരിപാടിയാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചരല്‍ ഫൈസല്‍ ഉള്‍പ്പടെയുള്ള ഇവരുടെ സംഘത്തിലെ പ്രധാനികളെ ഭയന്ന് പലരും പരാതി നല്‍കില്ലെന്നും യുവാവ് വെളിപ്പെടുത്തി.

'തന്നെ ക്രൂരമായി മര്‍ദിച്ച ശേഷം എന്റേയും കൂട്ടുകാരന്റേയും വാഹനങ്ങള്‍ തട്ടിയെടുത്തു. പോലീസില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് വാഹനം തിരിച്ചുകിട്ടിയത്. ഒരുപാട് പേര്‍ക്ക് ഇത്തരത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്‌' യുവാവ് പറഞ്ഞു.

ഇതിനിടെ കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കാനാണ് തങ്ങള്‍ കരിപ്പൂരിലെത്തിയതെന്ന് പിടിയിലായ യുവാക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.. കണ്ണൂര്‍ സ്വദേശിയാണ് ഇതിനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ചെര്‍പ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ കണ്ണൂര്‍ സ്വദേശിയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണമാഫിയയുടെ ഇടനിലക്കാരനായ ഇയാള്‍ ഗള്‍ഫിലുള്ള സംഘത്തിനുവേണ്ടിയാണ് ചെര്‍പ്പുളശ്ശേരി സംഘത്തെ ദൗത്യം ഏല്‍പ്പിച്ചതെന്നാണ് വിവരം.

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുള്ളവരാണ് പോലീസ് പിടിയിലായവര്‍. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കുന്നത് നേരത്തേ ഇവര്‍ ഏറ്റെടുത്തിരുന്നതായും അവസരം കിട്ടുമ്പോള്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചിലര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കണ്ണൂര്‍ സ്വദേശിയിലൂടെ ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങള്‍ സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ 16 മുതല്‍ കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഘം കരിപ്പൂരിലെത്തിയത്. കള്ളക്കടത്ത് സ്വര്‍ണം കാറില്‍ കയറ്റിക്കൊണ്ടുപോയതായി സൂചനലഭിച്ച ഉടനെ വാഹനങ്ങള്‍ അതിവേഗത്തില്‍ പിന്തുടര്‍ന്നു. ഇതാണ് അഞ്ചുപേരുടെ ജീവനെടുത്ത അപകടത്തില്‍ കലാശിച്ചത്.